ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കുന്ന വേഗതയിലാണ് മദ്യനികുതി കുറക്കാന്‍ ഫയല്‍ നീക്കം നടന്നത് -എം.ബി രാജേഷ്




 തിരുവനന്തപുരം: ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കുന്ന വേഗതയിലാണ് മദ്യക്കമ്പനികളെ സഹായിക്കാനായി മദ്യനികുതി കുറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ നീക്കം നടന്നതെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യത്തിനുള്ള ചട്ടഭേദഗതി കൊണ്ടുവന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെങ്കിലും നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പച്ചക്കള്ളം പറയുകയാണെന്നും എം.ബി രാജേഷ് പറഞ്ഞു.

മദ്യലോബിയുമായി നടത്തിയ ഇടപാട് കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി കള്ളങ്ങളുടെ ഘോഷയാത്രയാണ് നടത്തുന്നത്. എം.വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരുന്നപ്പോഴാണ് നികുതി കുറയ്ക്കാനുള്ള നീക്കം തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തികച്ചും അടിസ്ഥാനരഹിതമാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം എന്താണെന്ന് വ്യക്തമാക്കി ഫയല്‍ പുനഃസമര്‍പ്പിക്കാന്‍ മാത്രമാണ് അന്ന് ആവശ്യപ്പെട്ടത്.

2022-23ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് വീര്യം കുറഞ്ഞ മദ്യം അനുവദിക്കാനുള്ള ചട്ടഭേദഗതി കൊണ്ടുവന്നത്. ഹോര്‍ട്ടി വൈന്‍, ഹോര്‍ട്ടി ലിക്വര്‍, ലോ സ്‌ട്രെങ്ത് ആല്‍ക്കഹോള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇത് നടപ്പാക്കിയത്. എന്നാല്‍ നികുതി കുറയ്ക്കുന്ന കാര്യം എല്‍ഡിഎഫ് ആലോചിച്ചിട്ടുപോലുമില്ല.

മൂന്ന് കൊല്ലവും അഞ്ച് മാസവും എല്‍ഡിഎഫ് ഭരണം തീരുംവരെ കമ്പനിയുടെ അപേക്ഷയില്‍ ഒരു തീരുമാനവും എടുത്തില്ല. യുഡിഎഫ് വന്നപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിനെ തോല്‍പ്പിക്കുന്ന വേഗതയിലാണ് മദ്യക്കമ്പനികളെ സഹായിക്കാനായി മദ്യനികുതി കുറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ നീക്കം നടന്നത്. തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് അവസാന നിമിഷം എല്‍ഡിഎഫ് നികുതി കുറയ്ക്കാതിരുന്നത് എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. അങ്ങനെയൊരു ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും എം.ബി രാജേഷ് പറഞ്ഞു.

Post a Comment

0 Comments