മുസാഫിർപൂര്‍: ബിഹാർ മുസാഫിർപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുലർച്ചെ 3:55 ഓടെയാണ് ഫയർഫോഴ്സിന് അപകടത്തെക്കുറിച്ചുള്ള അടിയന്തര സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഐസിയുവിൽ ഉണ്ടായിരുന്ന ഇരുപതോളം രോഗികളെ ഇവിടെ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു.
"ഐസിയുവിൽ നിന്ന് 15-20 രോഗികളെ ഞങ്ങൾ രക്ഷപെടുത്തി. ഇതിൽ രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാക്കിയുള്ള രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്," എന്ന് മുസാഫർപുർ ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ രാം നിവാസ് പാണ്ഡെ അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുന്ന സമയത്ത് ഐസിയുവിൽ 13 രോഗികളും സിസിയുവിൽ ഏതാനും രോഗികളും ഉണ്ടായിരുന്നതായി മുസാഫർപുർ ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാർ സെൻ സ്ഥിരീകരിച്ചു.

0 Comments