മനാമ: ഇന്നലെ അർധ രാത്രിയിലും ഇന്ന് പുലർച്ചെയുമായി ബഹ്റൈന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി ബഹ്റൈൻ വ്യോമസേന. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചതായി ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് അറിയിച്ചു. ബഹ്‌റൈനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ന് ഇറാൻ ആക്രമണ ശ്രമം നടത്തിയത്.
രാജ്യത്തെ സംരക്ഷിക്കുന്നതിനായി വ്യോമ സേനയുടെയും പ്രതിരോധ സേനയുടെയും എല്ലാ ആയുധങ്ങളും യൂണിറ്റുകളും ഏറ്റവും ഉയർന്ന തലത്തിലുള്ള സന്നദ്ധതയിലും പ്രതിരോധ തയ്യാറെടുപ്പിലുമാണെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, ബഹ്‌റൈനിലെ യു.എസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ന് ആക്രമിച്ചെന്ന ഐ.ആർ.ജി.സി അവകാശവാദം യു. എസ് സെൻട്രൽ കമാൻഡ് നിഷേധിച്ചു. കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഇന്ന് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റതായും കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും കുവൈത്ത് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.

0 Comments