കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്‌കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശി സുധ (56) ആണ് കൊല്ലപ്പെട്ടത്. പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള നാലുസെന്റ് കോളനിയിലെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് രക്തത്തിൽ കുളിച്ച നിലയിൽ സുധയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ മൃതദേഹത്തിന് സമീപത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാക്കത്തി കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിൽ സുധയുടെ ഭർത്താവായ കൃഷ്ണൻകുട്ടിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം നടന്നതിന് പിന്നാലെ കൃഷ്ണൻകുട്ടിയെ പ്രദേശത്തുനിന്നും കാണാതായിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. സുധയും ഭർത്താവ് കൃഷ്ണൻകുട്ടിയും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബവഴക്കാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പോലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയും പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരും, സയന്റിഫിക് ഉദ്യോഗസ്ഥരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്.

0 Comments