വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും

 



തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള കനത്ത രാഷ്ട്രീയ വിവാദങ്ങളിൽ സർക്കാരിന്റെ അന്തിമ നിലപാട് ഇന്ന് വ്യക്തമാക്കും. ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് വൈകിട്ട് മറുപടി നൽകും. രാവിലെ എട്ടു മണിക്ക് ചേരുന്ന നിർണായക മന്ത്രിസഭാ യോഗത്തിലും ഈ വിഷയം പ്രധാന ചർച്ചയാകും. ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ കടുത്ത അതൃപ്തിക്കും കോൺഗ്രസിനുള്ളിലെ ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ, നികുതി നിർദേശത്തിൽ മുഖ്യമന്ത്രി തിരുത്തലിന് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

നികുതി കുറയ്ക്കാനുള്ള തീരുമാനം എക്സൈസ് വകുപ്പ് മന്ത്രി എം.ലിജുവുമായോ മുന്നണി നേതൃത്വവുമായോ മുൻകൂട്ടി ആലോചിക്കാതെയാണ് ധനവകുപ്പ് കൈക്കൊണ്ടത് എന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ തന്നെ വലിയ ഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ട്. മുന്നണിയിൽ യാതൊരു വിധ കൂടിയാലോചനകളുമില്ലാതെ ഇത്തരമൊരു നയപരമായ തീരുമാനം കൈക്കൊണ്ടതിലാണ് രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തിയുള്ളത്. ലീഗ് നേതൃത്വം തങ്ങളുടെ വിയോജിപ്പ് ഇതിനകം സർക്കാരിനെ അറിയിച്ചതായാണ് വിവരം. ഇതിനു പുറമെ, സ്വന്തം പാർട്ടിയായ കോൺഗ്രസിനുള്ളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് മുഖ്യമന്ത്രി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.

വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനുള്ള തീരുമാനം മുൻ എൽഡിഎഫ് സർക്കാർ എടുത്തപ്പോൾ അതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച യുഡിഎഫ്, ഇപ്പോൾ അതേ പാത പിന്തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതിൽ നിന്നുള്ള ഈ 'പിന്നോട്ട് പോക്ക്' ധാർമികമായി ശരിയല്ലെന്ന നിലപാടിലാണ് അവർ. മദ്യവർജനമെന്ന പ്രഖ്യാപിത നയത്തിൽ നിന്നുള്ള വ്യതിയാനമായി ഇത് വ്യാഖ്യാനിക്കപ്പെടുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

സ്വകാര്യ കുത്തക മദ്യക്കമ്പനിക്ക് വേണ്ടിയാണ് നികുതിയിളവ് പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം കൂടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടി പ്രസംഗം. ഫയലുകൾ അസാധാരണ വേഗതയിലാണ് നീങ്ങിയതെന്ന എൽഡിഎഫിന്റെ ആരോപണത്തിന് മുഖ്യമന്ത്രി സഭയിൽ വ്യക്തത വരുത്തേണ്ടതുണ്ട്. വിവാദങ്ങൾ തണുപ്പിക്കാൻ പുതിയ നികുതി സ്ലാബ് പുനഃപരിശോധിക്കാനോ, അല്ലെങ്കിൽ വിഷയം പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് താൽക്കാലികമായി തടിയൂരാനോ ആയിരിക്കും സർക്കാർ ശ്രമിക്കുക എന്നാണ് സൂചന. രാവിലെ എട്ടു മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഘടകകക്ഷി മന്ത്രിമാർ സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയുടെ വളർച്ചയും അധിക നികുതി വരുമാനവും ലക്ഷ്യമിട്ടാണ് 'റെഡി ടു ഡ്രിങ്ക്' വിഭാഗത്തിൽപ്പെടുന്ന പാനീയങ്ങൾക്ക് ബജറ്റിൽ പുതിയ നികുതി സ്ലാബുകൾ പ്രഖ്യാപിച്ചത്. എന്നാൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2023ൽ ബെക്കാഡി കമ്പനി നൽകിയ അപേക്ഷയുടെ തുടർച്ചയായാണ് ഈ തീരുമാനമെടുത്തത് എന്ന വിശദീകരണം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി.

വെറും 4% മുതൽ 5% വരെ മാത്രം ആൽക്കഹോൾ അടങ്ങിയ 'ബ്രീസർ' പോലുള്ള പാനീയങ്ങൾക്ക്, 8% വരെ ആൽക്കഹോളുള്ള സാധാരണ ബിയറിനേക്കാൾ ഉയർന്ന നികുതി ബാധകമാക്കുന്നതിലെ അശാസ്ത്രീയതയാണ് ഇവിടെ പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. പുതിയ സ്ലാബ് വഴി വിദേശ ബ്രാൻഡുകൾക്ക് കേരള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിക്കാനും വലിയ തോതിൽ ലാഭം കൊയ്യാനും കളമൊരുങ്ങുമെന്നാണ് പ്രധാന വിമർശനം

Post a Comment

0 Comments