ആറളത്ത് ആനമതിൽ നിർമ്മാണം വേഗത്തിലാക്കാനും കാട് വെട്ടിത്തെളിക്കാനും നിർദ്ദേശിച്ചു മന്ത്രി അഡ്വ. സണ്ണി ജോസഫ്



കണ്ണൂർ:ആറളത്ത് പകൽ സമയങ്ങളിൽ പോലും ജനവാസമേഖലകളിൽ ആന ഇറങ്ങുന്ന പ്രശ്നത്തിന് പരിഹാരമായി ആനമതിൽ നിർമ്മാണം വേഗത്തിലാക്കാൻ പി.ഡബ്ല്യു.ഡി കെട്ടിടം വിഭാഗത്തിന് നിർദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പ്രദേശത്തെ കാട് വെട്ടി തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറളത്ത് ദ്രുതകർമ്മസേനയുടെ വണ്ടി തന്നെ ആന മറിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും ആന റോഡിൽ ഇറങ്ങുന്നു. ആനമതിലിന്റെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ വനം മന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ കൃഷി രീതി മാറ്റുന്നത് സംബന്ധിച്ച് വനം, കൃഷി വകുപ്പുകൾ ചേർന്ന് ഏതാനും പഠനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആനയെ ആകർഷിക്കാത്ത കൃഷി രീതി അവലംബിക്കാൻ കഴിയുമോ എന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്ന്

മന്ത്രി കൂട്ടിച്ചേർത്തു. കാട്ടുപന്നികളെ വെടിവെക്കാൻ തോക്ക് ലൈസൻസിനുള്ള അപേക്ഷയിന്മേൽ പെട്ടെന്ന് തീരുമാനമെടുക്കണം.

കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ ഭൂമി ഉടമകൾ വെട്ടിതെളിക്കാത്ത വിഷയത്തിൽ അത്തരം ഭൂമികളുടെയും ഭൂവുടമകളുടെയും പട്ടിക തയ്യാറാക്കാൻ ജില്ലാ കലക്ടർ പി വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി.

വനമേഖലയ്ക്ക് പുറത്തുള്ള വ്യാജ വാറ്റും മനുഷ്യ-കാട്ടാന സംഘർഷത്തിന് കാരണമാകുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെതിരെ ബോധവത്കരണം നടത്തേണ്ടതുണ്ട്.

ജില്ലയിൽ സർപ്പ വളണ്ടിയർമാരുടെ കുറവുണ്ട്. മലയോരത്ത് തന്നെ കൊട്ടിയൂർ, കണിച്ചാർ ഒഴികെ മറ്റിടങ്ങളിൽ വേണ്ടത്ര സർപ്പ വളണ്ടിയേഴ്സ് ഇല്ല. വളണ്ടിയേഴ്സ് ആവാൻ താൽപ്പര്യമുള്ളവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് നൽകിയാൽ പരിശീലനം നൽകാൻ വനം വകുപ്പ് തയ്യാറാണ്.

ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ മന്ത്രി നിർദേശിച്ചു.

അയ്യൻകുന്ന്, കൊട്ടിയൂർ, ഉദയഗിരി, കേളകം ഗ്രാമപഞ്ചായത്തുകളിൽ സോളാർ തൂക്കുവേലി നിർമ്മാണം പുരോഗമിക്കുകയാണ്.

യോഗത്തിൽ ജില്ലാ കലക്ടർ പി വിഷ്ണുരാജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ്, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ കെ സുബൈർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ സി സച്ചിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments