തിരുവനന്തപുരം: പള്ളിപ്പുറത്ത് തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസിൽ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പൊലീസ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അപ്പുവിനെതിരെയാണ് റൂറൽ പൊലീസ് എസ്പി നടപടിയെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. മേയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പള്ളിപ്പുറം സിആർപിഎഫ് ജങ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഘർഷമുണ്ടായത്. അപ്പുവും കൂടെയുണ്ടായിരുന്ന നാലംഗ സംഘവും ചേർന്ന് തട്ടുകട ഉടമയെ ക്രൂരമായി മർദിക്കുകയും മാല പൊട്ടിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടിയുണ്ടായിരിക്കുന്നത് ഈ കേസിൽ അപ്പുവിനെതിരെ കൂടുതൽ വകുപ്പുതല അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

0 Comments