നരേന്ദ്ര മോദിയുടെ പടവും ലോഗോയും വെച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന മന്ത്രി, യുഡിഎഫ് സർക്കാരിന് ആർഎസ്എസ് വിധേയത്വമെന്നും എംവി ഗോവിന്ദൻ

 



തിരുവനന്തപുരം: വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാർ സംഘപരിവാറിന്റെ സർക്കാരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓരോ മന്ത്രിമാരും ആർ എസ് എസ് വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണ്. പി എം എ വൈ പദ്ധതിയിൽ നരേന്ദ്ര മോദിയുടെ പടവും ലോഗോയും വെച്ചാൽ എന്താണ് കുഴപ്പമെന്നാണ് കെ എം ഷാജി ചോദിക്കുന്നത്. എന്നാൽ ലൈഫ് മിഷൻ വീടുകളിൽ ഇത്തരം ലോഗോകൾ വെക്കാൻ എൽ ഡി എഫ് തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എം ജി, കാർഷിക സർവകലാശാലകളിൽ ആർ എസ് എസ് അജണ്ട നടപ്പാക്കാൻ പറ്റുന്നവരെയാണ് നിയമിക്കുന്നത്. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി പറയുമ്പോൾ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ സംഘപരിവാർ അനുകൂലിയാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി തന്നെ തുറന്നുപറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം പത്ത് കൊല്ലം മുൻപത്തെ ഇരുട്ടിലേക്ക് തിരിച്ചുപോവുകയാണെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ അത് കാണാൻ പോലും പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഇത് സർക്കാരിന്റെ ആസൂത്രണത്തിലെ വലിയ പിഴവാണ് കാണിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രശാന്തിന്റെ ഭരണസമിതിക്ക് എതിരായ അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് എം വി ഗോവിന്ദൻ സ്വീകരിച്ചത്. അന്വേഷണം രാഷ്ട്രീയപ്രേരിതമാണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയ അധികാരത്തിന്റെ ഭാഗമായി പലരെയും പ്രതിയാക്കാൻ കഴിയും എന്ന് ഓർമ്മിപ്പിച്ചു. എന്തായാലും കേസിൽ അന്വേഷണം നടക്കട്ടെ, അതിനുശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു

Post a Comment

0 Comments