പൂനെ: യുവ ബിസിനസുകാരൻ കേതൻ വിശാൽ അഗർവാളിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആദ്യം അപകടമായി കരുതിയ മരണം പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. പ്രതിശ്രുത വധുവും അവളുടെ കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രൂരകൃത്യത്തിൻ്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ.
ഇതിനിടെ, വിശാൽ അഗർവാളിൻ്റെ മരണശേഷം പ്രതിശ്രുത വധുവായ സിയ ഗോയലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു.
"എന്റെ ജന്മ ദിനത്തിൽ തന്നെ നീ എന്നെ ഉപേക്ഷിച്ചു പോയി. വിവാഹത്തിന് വളരെ അടുത്തിരുന്നപ്പോഴാണ് നിൻ്റെ വിട്ടുപോകൽ. എന്തിനാണ് നീ എന്നോട് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു... ഒരിക്കലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ. ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ടും നീ എന്തിനാണ് എന്നെ ഉപേക്ഷിച്ചത്? സമാധാനത്തോടെ വിശ്രമിക്കൂ" എന്നായിരുന്നു പോസ്റ്റ്
കേതൻ, കാറിന്റെ മുൻ സീറ്റിൽ തിരിഞ്ഞു നിന്ന് ആരോടോ സംസാരിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അതിൽ ഉണ്ടായിരുന്നു, തുടർന്ന് ഒരു റൊമാന്റിക് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ദമ്പതികൾ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കാണാം.
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഗഹുഞ്ചെയിൽ താമസിക്കുന്ന കേതൻ (26) റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഡയറക്ടറാണ്. ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. നവംബറിൽ സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളും ഉൾപ്പെടുന്ന ഗംഭീര വിവാഹവും നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് പൂനെക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് ഫോട്ടോയെടുക്കുന്നതിനിടെ വിശാൽ മരിച്ചു എന്ന വാർത്ത പുറത്തു വന്നത്. ജൂൺ 18 വ്യാഴാഴ്ച, പ്രതിശ്രുത വധു സിയ ഗോയലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് കേതൻ അഗർവാൾ അവളോടൊപ്പം ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിങ്ങിന് പോയത്. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ അബദ്ധത്തിൽ വഴുതി വീഴുകയായിരുന്നുവെന്നാണ് സിയ ആദ്യം പൊലീസിനോട് പറഞ്ഞത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. എന്നാൽ ലോണാവാല റൂറൽ പൊലീസിന്റെ അന്വേഷണത്തിൽ സിയയുടെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തി. മൊബൈൽ ഡാറ്റ, കോൾ റെക്കോർഡുകൾ, സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴികൾ എന്നിവ പൊലീസിൽ സംശയം ജനിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുത വധുവിനെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിയ ഗോയലും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ ആഴമേറിയ താഴ്വരയിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

0 Comments