‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? വിസിമാര്‍ നിയമവിരുദ്ധമായാണ് പങ്കെടുത്തതെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെ’; വി മുരളീധരന്‍





സര്‍വകലാശാല വിസിമാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ. വിസിമാര്‍ നിയമ വിരുദ്ധമായാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍ പറഞ്ഞു. വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിലാണ് അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ഈ രാജ്യത്തെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റാകുന്നത്. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാണ് എന്ന് പറയുന്നത്. ആര്‍എസ്എസ് നിരോധിക്കപ്പെട്ട സംഘടനയാണോ? രാജ്യത്ത് ഒരു സ്ഥലത്തും ആര്‍എസ്എസ് നിരോധിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ സര്‍വകലാശാല ചട്ടങ്ങളോ വിദ്യാഭ്യാസ നിയമമോ ആര്‍എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കാന്‍ പാടില്ല എന്നു പറയുന്നുണ്ടോ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ കാര്യങ്ങള്‍ വിശദീകരിക്കണം – വി മുരളീധര്‍ന്‍ പറഞ്ഞു.

ഈ രാജ്യത്തെ, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എന്നിവര്‍ ആര്‍എസ്എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആളുകളാണ്. സ്വയംസേവകരാണ് എന്നതില്‍ അഭിമാനിക്കുന്നവരാണ് അവര്‍. സന്നദ്ധ സംഘടന എന്ന നിലയില്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് ആര്‍എസ്എസ്. ആര്‍എസ്എസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏതാണ്ട് ഓരേ കാലഘട്ടത്തില്‍ ഈ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഗതി എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യത്താകമാനം ആര്‍എസ്എസ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ എണ്ണം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആര്‍എസ്എസ് ആയതുകൊണ്ട് കാണേണ്ടതില്ല എന്ന നിലപാട് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സ്വീകരിക്കുമോ – അദ്ദേഹം ചോദിച്ചു.

Post a Comment

0 Comments