'സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട എന്നായിരുന്നു അവരുടെ അജണ്ട'; തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപിക്കെതിരെ വൈഷ്ണ സുരേഷ്

 



തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കൗണ്‍സിലർ വൈഷ്ണ സുരേഷ്. യുഡിഎഫ് കൗണ്‍സിലർമാർ അറ്റൻഡൻസ് രേഖപ്പെടുത്തിന്നതിനിടെയാണ് പെട്ടെന്നൊരു ആക്രമണമുണ്ടായതെന്ന് വൈഷ്ണ പറഞ്ഞു. കൗണ്‍സിലർമാർ ഒപ്പിടുമ്പോൾ ഇത്രയും വലിയ ആക്രമണം നടത്തുന്നത് എന്തിനാണ്. കാപ്പ കേസിൽ ജയിലിലായ കൗണ്‍സിലർ ആർ സുഗതൻ ഒപ്പിടാത്ത രജിസ്റ്ററിൽ ആരും ഒപ്പിടേണ്ട എന്നായിരുന്നു അവരുടെ അജണ്ട. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വൈഷ്ണ സുരേഷ് പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെയാണ് കയ്യാങ്കളി ഉണ്ടായത്. ബിജെപി കൗൺസിലർ ആർ സുഗതന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളുമായി ബിജെപി അംഗങ്ങൾ ഏറ്റുമുട്ടി. മിനിട്സ് ബുക്കിൽ ഒപ്പിടാൻകോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ലെന്നാണ് പരാതി. കോൺഗ്രസ് - ബിജെപി അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടി. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ, വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി കൗൺസിലറുടെ ഷർട്ട് വലിച്ചു കീറിയെന്നാണ് ബിജെപിയുടെ ആരോപണം.

ഹാജർ ബുക്കിൽ ഒപ്പിടാൻ ബിജെപി കൗൺസിലർമാർ അനുവദിക്കാത്തതാണ് പ്രശ്നം വഷളാക്കിയതെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. ബി ജെ പി കൗൺസില‍ർമാർ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നെന്ന് ശബരീനാഥനും വനിത കൗൺസിലർമാരും ആരോപിച്ചു. അതേസമയം കൃത്രിമം നടത്താനുള്ള കോൺഗ്രസ് ശ്രമം തടയുകയാണ് ചെയ്തതെന്ന് ബി ജെ പി കൗൺസിലർ ചെമ്പഴന്തി ഉദയൻ അവകാശപ്പെട്ടു. യു ഡി എഫ് കൗൺസിലർമാർ ബോധപൂർവം അക്രമം ഉണ്ടാക്കുകയായിരുന്നെന്ന് മേയർ വി വി രാജേഷ് ആരോപിച്ചു. ഹാജർ രജിസ്റ്ററിലെ ചില പേജുകൾ കീറാൻ ശ്രമിച്ചെന്നും അതാണ് ചെമ്പഴന്തി ഉദയൻ തടയാൻ ശ്രമിച്ചതെന്നും മേയർ പറഞ്ഞു

Post a Comment

0 Comments