ദില്ലി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് നികുതി ഇളവുമായി കേന്ദ്ര സർക്കാർ. 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ വിഭാഗങ്ങൾക്ക് എക്സൈസ് നികുതി പൂർണമായും ഒഴിവാക്കി. രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കങ്ങളുടെ ഭാഗമാണ് സുപ്രധാന പ്രഖ്യാപനം.
ഇ22, ഇ25, ഇ27, ഇ30 പെട്രോളുകൾക്കാണ് നികുതി ഇളവ് ബാധകമാകുക. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നതത്. ഇ25ൽ 75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും ഇ27ൽ 73 ശതമാനം പെട്രോളും 27 ശതമാനം എഥനോളും ഇ30ൽ 70 ശതമാനം പെട്രോളും 30 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഏഴ് രൂപയിലധികം വർധനയുണ്ടായതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിൻ്റെ ഇപ്പോഴത്തെ നീക്കം. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യ, എഥനോൾ ചേർത്ത പെട്രോളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനുള്ള നീക്കം നടത്തുന്നതിനിടെ ആണ് എക്സൈസ് നികുതിയിൽ ഇളവ് വരുത്തിയത്.
അടുത്ത 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും കലർന്ന ഇ85 ഇന്ധനം കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ദില്ലിയിലെ പൊതുമേഖല പമ്പുകളിലാണ് ഇ85 ഇന്ധനം ലഭ്യമാകുക. രാജ്യത്ത് ഈ വർഷം നൂറോളം പമ്പുകൾ കൂടി ആരംഭിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സാധാരണ പെട്രോളിനേക്കാൾ 20 ശതമാനം വിലക്കുറവാണ് ഇ85 ഇന്ധനത്തിന്റെ പ്രത്യേകത.

0 Comments