റിക്കവറിയുടെ പേരിലുള്ള തെറ്റായ പോലീസ് നടപടികൾ അവസാനിപ്പിക്കണം;ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ




മോഷ്ടാക്കളിൽ നിന്ന് മോഷണസ്വർണ്ണം വാങ്ങിയെന്ന് പറഞ്ഞ് മോഷ്ടാവ് ചൂണ്ടിക്കാണിക്കുന്ന സ്വർണ്ണവ്യാപാര സ്ഥാപനങ്ങളിൽ, റിക്കവറിയുടെ പേരിൽ വാങ്ങിയിട്ടില്ലാത്ത സ്വർണ്ണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരികളെ പോലീസ് ബുദ്ധിമുട്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. 

ജ്വല്ലറിയിൽ വാങ്ങിക്കാത്തതും, യാതൊരു വിധ ബില്ലോ,മറ്റ് തെളിവുകളോ കാണിക്കാനില്ലാത്തതുമായ, മോഷ്ടാവ് ചൂണ്ടിക്കാണിക്കുന്നത്രയും സ്വർണ്ണം സ്ഥാപനത്തിൽ നിന്ന് തൊണ്ടിമുതലായി റിക്കവറി ചെയ്യണമെന്ന് പറഞ്ഞ് പോലീസ് വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതി ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. അടുത്ത നാളിൽ സുൽത്താൻബത്തേരിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ പോലീസ് യൂണിഫോമിൽ ചെന്ന് അഞ്ച് പവൻ സ്വർണം മോഷ്ടാവ് അവിടെ വിറ്റിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് അത്രയും സ്വർണം തിരികെ നൽകാൻ ആവശ്യപ്പെടുകയുണ്ടായി.

യാതോരു വിധത്തിലുളള മുഖപരിചയം പോലും ഇല്ലാത്തതായ,പോലീസ് കൂട്ടിക്കൊണ്ടു വന്ന വ്യക്തിയിൽ നിന്ന് സ്ഥാപനത്തിൽ സ്വർണം വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല, സി.സി.ടി.വി.ദൃശ്യങ്ങളിലോ ബിൽ ബുക്കിലോ, സോഫ്റ്റ്‌വെയറിലോ അങ്ങനെയൊരു എൻട്രി കണ്ടുപിടിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നതിനാൽ സ്വർണ്ണം തരാൻ കഴിയില്ലെന്ന് ജ്വല്ലറി ഉടമ ശക്തമായ നിലപാട് എടുക്കുകയുണ്ടായി.നാല് പവൻ സ്വർണ്ണം തരാത്ത പക്ഷം ഉടമയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയുണ്ടായി.സമാനമായ രീതിയിൽ മറ്റു പല സ്ഥാപനങ്ങളിലും മോഷ്ടാവാണെന്ന് പറഞ്ഞ് നാളിതുവരെ കണ്ടിട്ടില്ലാത്ത വ്യക്തികളെ ജ്വല്ലറികളിൽ കൊണ്ടുവന്ന് ഇയാളിൽ നിന്ന് സ്ഥാപനത്തിൽ മോഷണ സ്വർണ്ണം വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് പുതിയ സ്വർണ്ണാഭരണങ്ങൾ വാങ്ങിയെടുക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇത്തരം നടപടികൾ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽബോഡി തീരുമാനിച്ചു.

സുൽത്താൻബത്തേരി ഐ എം എ ഹാളിൽ ജില്ലാ വൈസ് പ്രസിഡണ്ട് സജി തിളക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം AKGSMA സംസ്ഥാന സെക്രട്ടറിയും, വയനാട് ജില്ലാ പ്രസിഡണ്ടുമായ മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് മലബാർ,ജില്ലാ ട്രഷറർ ഷാനു മലബാർ,ജില്ലാ വാർക്കിംഗ് സെക്രട്ടറി സിദ്ദീഖ് സിന്ദൂർ,മുഹമ്മദ്‌ ഷാലിമാർ, നവാസ് പനമരം, അലക്സാണ്ടർ വനിത,ദാമോദരൻ കെ.പി, ടി.പി.ഏലിയാസ്,മാത്യു അനുപമ,ചാക്കോച്ചൻ നോബിൾ,റഹീം എളമ്പിലാട്ട് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments