കർണാടക എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം; ബിജെപിക്ക് ക്രോസ് വോട്ടിങ് ഷോക്ക്

 



ബെംഗളൂരു: കർണാടക എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. ഏഴ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിലും കോൺഗ്രസ് ജയിച്ചു രണ്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഫലം പുറത്തുവന്നതോടെ ബിജെപി-ജെഡിഎസ് എംഎൽഎമാർ ക്രോസ് വോട്ടിങ് നടത്തിയതായാണ് വ്യക്തമാകുന്നത്. കോൺഗ്രസിന് പ്രതീക്ഷിച്ചതിനെക്കാൾ വോട്ട് ലഭിച്ചു.

കെപിസിസി അധ്യക്ഷൻ ബി.കെ ഹരിപ്രസാദ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പി.വി മോഹൻ, തിപ്പണ്ണപ്പ കമകനൂർ, ശിവണ്ണ മലവള്ളി, വിനയ് കാർത്തിക് പ്രകാശ് എന്നീ കോൺഗ്രസ് സ്ഥാനാർഥികളാണ് എംഎൽസിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

ബിജെപി സ്ഥാനാർഥികളായ ലിംഗരാജ് പാട്ടീർ, ആർ.രഘു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജെഡിഎസ് സ്ഥാനാർഥി ഗോവിന്ദരാജുവാണ് പരാജയപ്പെട്ടത്. 14 വോട്ട് മാത്രമാണ് ജെഡിഎസ് സ്ഥാനാർഥിക്ക് ലഭിച്ചത്.

224 അംഗ കർണാടക നിയമസഭയിൽ 135 അംഗങ്ങളുള്ള കോൺഗ്രസിന് തങ്ങളുടെ അഞ്ച് സ്ഥാനാർഥികൾക്കുമായി കിട്ടിയത് 151 വോട്ടുകളാണ്. ജെഡിഎസ്-ബിജെപി സഖ്യത്തിലെ എംഎൽഎമാർ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ക്രോസ് വോട്ട് ചെയ്തതായാണ് ഇതിലൂടെ വ്യക്തമാകുന്നത്. 64 എംഎൽഎമാർ കോൺഗ്രസിനും 18 എംഎൽഎമാർ ജെഡിഎസിനും ഉണ്ട്. ആകെ 82 എംഎൽഎമാർ. ഇതിൽ വിജയിച്ച രണ്ട് ബിജെപി സ്ഥാനാർഥികൾക്കായി 56 വോട്ടുകളും പരാജയപ്പെട്ട ജെഡിഎസ് സ്ഥാനാർഥിക്ക് 14 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎയുടെ ബാക്കി 12 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കണ്ടെത്തുമെന്നും ക്രോസ് വോട്ട് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും കർണാടക ബിജെപി പ്രതികരിച്ചു. ബിജെപിയിൽ നിന്ന് എട്ടും ജെഡിഎസിൽ നിന്ന് നാലും ക്രോസ് വോട്ടുകളുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ എത്രയെണ്ണം കോൺഗ്രസിന് അനുകൂലമായുള്ള ക്രോസ് വോട്ടുകളായിരുന്നു എന്നും എത്രയെണ്ണം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു എന്നതും വ്യക്തമല്ല. അന്തിമ കണക്കുകൾ വന്നാലെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ

Post a Comment

0 Comments