'സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന ലാഘവപൂർണ്ണം, സർക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണം': പ്രതിപക്ഷ നേതാവ്




 തിരുവനന്തപുരം: സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന ലാഘവപൂർണ്ണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ആറ് പേരുടെ ജീവൻ പൊലിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇതുവരെ അവിടെയെങ്ങും എത്തിയിട്ടില്ലെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും പിണറായി വിജയൻ പ്രസ്താവിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ ഇന്നും ഒരാൾ കൊല്ലപ്പെട്ടിരുന്നു. തോട്ടം തൊഴിലാളിയായ രാജുവാണ് മരിച്ചത്. മരണത്തിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും സിപിഎം പ്രവർത്തകരും മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വ്യാപക പ്രതിഷേധത്തിന് പിന്നാലെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനമായതായി എംഎൽഎ ഉഷ വിജയൻ അറിയിച്ചു. അടിയന്തര ധനസഹായമെന്നോണം അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറുമെന്നും ബാക്കിതുക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ കൈമാറുമെന്നും എംഎൽഎ അറിയിച്ചു.

Post a Comment

0 Comments