തിരുവനന്തപുരം: ആലപ്പുഴയിൽ വെച്ച് നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എസ്.പി ഷൗക്കത്തലി ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് പിന്നിൽ മുൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറാണെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിലെ അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയതായി നേരത്തെ തന്നെ മൊഴികൾ ഉണ്ടായിരുന്നു.
കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെ എഡിജിപിയുടെ ഓഫീസിൽ വെച്ച് തിരുത്തലുകൾ വരുത്തിയാണ് തയ്യാറാക്കിയതെന്ന വിവരവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മൊഴികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ശേഷമാണ് എസ്ഐടി ഇപ്പോൾ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്മേൽ സംസ്ഥാന പൊലീസ് മേധാവി ഇനി എന്ത് തുടർനടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2023ൽ നടന്ന നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച ആലപ്പുഴയിലെ നിയുക്ത എംഎൽഎയായ എ.ഡി തോമസ് അടക്കമുള്ള പ്രതിഷേധക്കാരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചതാണ് കേസ്. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനിൽ വെച്ചായിരുന്നു ഇവർക്ക് മർദ്ദനമേറ്റത്.

0 Comments