കസെമിറോ ഇനി മെസ്സിക്കൊപ്പം; ബ്രസീലിയൻ താരത്തെയെത്തിച്ച് ഇന്റർ മയാമി




 മയാമി: എംഎൽഎസ് ക്ലബ് ഇന്റർ മയാമിയിൽ ചേരാനൊരുങ്ങി ബ്രസീലിയൻ താരം കസെമിറോ. മാർച്ച് മുതൽ തന്നെ താരം ഇന്റർ മയാമി നൽകിയ ഓഫറുകൾ സമ്മതിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ എംഎൽഎസിലെ 'ഡിസ്കവറി റൈറ്റ്സ്' എന്ന നിയമം കാരണമുണ്ടായ സാങ്കേതിക തടസങ്ങളാണ്‌ ഡീൽ നീണ്ടുപോകാൻ കാരണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ലോകകപ്പിൽ ബ്രസീൽ ടീമിലിടംപിടിച്ച കസെമിറോ സീസന്റെ രണ്ടാം പകുതിയിൽ യുനൈറ്റഡിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡിഫൻസീവ് മിഡ്ഫീൽഡറായ 34 കാരൻ ഒമ്പത് ഗോളും രണ്ട് അസിസ്റ്റുമാണ് സീസണിലുടനീളം നേടിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കുന്നതിൽ ചെകുത്താന്മാരുടെ മധ്യനിരയിലെ കസെമിറോ - കോബി മൈനൂ സഖ്യവും ഒരു കാരണമാണ്. എന്നാൽ യുനൈറ്റഡിന് താരം ക്ലബ്ബിൽ തുടരണമെന്നുണ്ടായിട്ടും കസെമിറോ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം താരത്തിന് മെസ്സിക്കൊപ്പം ഇന്റർ മയാമിയിൽ കളിക്കണം എന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. മറ്റൊരു എംഎൽഎസ് ഫ്രാഞ്ചൈസിയായ എൽഎ ഗാലക്‌സിയും താരത്തിനായി രംഗത്തുണ്ടായിരുന്നു. അത് മാത്രമല്ല എൽഎ ഗാലക്സിയാണ് ആദ്യം ബ്രസീലിയൻ താരത്തിനെയെത്തിക്കാൻ ശ്രമിച്ചത്. പക്ഷെ കസെമിറോക്ക് മെസിക്കൊപ്പം ഇന്റർ മിയാമിയിൽ കളിക്കണം എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്.

നിലവിലെ സാഹചര്യത്തിൽ താരം ബ്രസീൽ ലോകകപ്പ് ടീമിന്റെ ഭാഗമായി യുഎസിൽ മത്സരിക്കുകയാണ്. ജൂലൈ 17 മുതലാണ് എംഎൽഎസ് സീസൺ പുനരാരംഭിക്കുന്നത്. എന്നാൽ ലോകകപ്പ് സ്‌ക്വാഡിൽ അംഗമായതിനാൽ മെസ്സി, കസെമിറോ പോലെയുള്ള താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകിയേക്കും.

Post a Comment

0 Comments