തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു

 



തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് (എം പോക്‌സ്) സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗം.

നേരത്തെ വിവിധ രാജ്യങ്ങളില്‍ മങ്കി പോക്‌സ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ ആഗോള അടിയന്തരാവസ്ഥയില്ല. 2024 സെപ്റ്റംബറില്‍ മലപ്പുറം എടവണ്ണയില്‍ യുഎഇയില്‍നിന്നെത്തിയ 38കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

Post a Comment

0 Comments