കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിലെ പോര് മുറുകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിലിനോടുള്ള വിശ്വാസം നഷ്ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാർ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. അതേസമയം, പ്രശ്നത്തിൽ മാണി സി.കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സമവായ ചർച്ച തുടങ്ങി.
കഴിഞ്ഞ ആറ് മാസക്കാലമായി സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്നുണ്ടായ സംഭവങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വളരെ അപമാനമുണ്ടാക്കിയിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലർമാരുടെ കത്ത്. യുഡിഎഫ് ഭരണമെന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുകൾക്കോ യാതൊരു വിധ റോളുകളും ഇല്ലെന്ന് കത്തിൽ പറയുന്നു. സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎൽഎ ജയിക്കുന്നതിന് വേണ്ടിയും യാതൊരുവിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യുഡിഎഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ മോഷണം, പിന്നാലെയുള്ള കള്ളക്കേസ് എന്നിവ തങ്ങളെ അപമാനിക്കുന്നതിന് കാരണമായെന്നും കത്തിലുണ്ട്.
കോൺഗ്രസ് കൗൺസിലറായ ബിജു മാത്യൂസ് ചെയർപേഴ്സന്‍റെ മുറിയിൽ അതിക്രമിച്ച് കയറി വാച്ചും നിർണായക ഫയലും മോഷ്ടിച്ചതായി ദിയാ ബിനു പരാതിപ്പെട്ടതിന് പിന്നാലെയാണ് ഏറ്റവുമൊടുവിലത്തെ തർക്കത്തിന് തുടക്കമായത്. താനോ സെക്രട്ടറിയോ ഓഫീസിൽ ഇല്ലാതിരുന്ന സമയത്ത് അനുമതിയില്ലാതെ മുറി തുറന്ന് ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ഫയൽ കടത്തിക്കൊണ്ടുപോവുകയായിരുന്നെന്നാണ് ചെയർപേഴ്സന്‍റെ ആരോപണം. ഫയലിനുള്ളിൽ തന്‍റെ ഒരു വാച്ചും ഉണ്ടായിരുന്നെന്ന് അവർ പരാതിപ്പെട്ടിരുന്നു. തന്‍റെ ഭരണത്തിൽ പിഴവുകൾ വരുത്തി നഗരസഭയെ ഇകഴ്ത്തിക്കാണിക്കാനാണ് ബിജു മാത്യൂസ് ശ്രമിക്കുന്നതെന്നും തുടക്കം മുതൽ ഇയാൾ ഭരണസമിതിക്കെതിരെയാണ് നിലകൊള്ളുന്നതെന്നും ദിയ കുറ്റപ്പെടുത്തുകയുണ്ടായി. പിന്നാലെയാണ് കൗൺസിലർമാരുടെ പ്രതിഷേധനീക്കം. അതേസമയം, പ്രശ്നം മാണി സി.കാപ്പന്‍റെ നേതൃത്വത്തിൽ പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.
കത്തിന്‍റെ പൂർണരൂപം
പ്രിയപ്പെട്ട യു.ഡി.എഫ് നേതാക്കന്മാരെ,
കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയിരിക്കുന്നത്. യു.ഡി.എഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തിൽ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യു.ഡി.എഫ് എം.എൽ.എ ജയിക്കുന്നതിനുവേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യു.ഡി.എഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയ്യേറ്റശ്രമവും വരെ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് 3 പോലീസ് കാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ള കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു

0 Comments