കൊട്ടിയൂർ: കൊട്ടിയൂർ അക്കരെ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിൽ സ്ത്രീ ഭക്തജനങ്ങൾക്കുള്ള ദർശന നാളുകൾക്ക് പൂർണ്ണവിരാമമായി. മകം നക്ഷത്രത്തിലെ ഉച്ചശീവേലിയോടെയാണ് ഈ വർഷത്തെ സ്ത്രീകളുടെ പ്രവേശനം അവസാനിച്ചത്. ഉച്ചശീവേലിക്ക് ശേഷം ഉത്സവ നഗരിയിൽ ഭക്തിസാന്ദ്രവും വികാരനിർഭരവുമായ ചടങ്ങുകൾക്കാണ് അക്കരെ കൊട്ടിയൂർ സാക്ഷ്യം വഹിച്ചത്. പരമ്പരാഗതമായ ആചാര പെരുമയോടെ ക്ഷേത്രദർശനത്തിലെത്തിയ ഭക്തരെ സാക്ഷി നിർത്തി ഗജവീരന്മാരും വിശേഷ വാദ്യക്കാരും ക്ഷേത്രത്തോടും ബാവിലിപ്പുഴയോടും വിടപറഞ്ഞു. ക്ഷേത്രത്തിന്റെ പരിശുദ്ധിയും ആചാരമര്യാദകളും കാത്തുസൂക്ഷിച്ചുകൊണ്ട്, ഭഗവാന് അഭിമുഖമായി നിന്ന് പിന്നോട്ട് നടന്ന് പടിയിറങ്ങി.
ഇനിയുള്ള ദിവസങ്ങളിൽ ഉത്സവ സമാപന ചടങ്ങായ ‘തൃക്കലശാട്ട്’ വരെ പുരുഷന്മാർക്ക് മാത്രമായിരിക്കും അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാവുക. വരും ദിവസങ്ങളിൽ അത്യപൂർവ്വവും അതീവ രഹസ്യവുമായ താന്ത്രിക ചടങ്ങുകളാണ് അക്കരെ മണിത്തറയിൽ നടക്കുക. കരിമ്പനക്കൽ ചപ്പാട്, കളഭാട്ടം, ഒടുവിൽ ഉത്സവത്തിന് കൊടിയിറങ്ങുന്ന തൃക്കലശാട്ട് എന്നിവയോടെ ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പൂർണ്ണ സമാപനമാകും.

0 Comments