സര്‍ക്കാർ ബസിൽ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കാരണം കച്ചവടത്തിൽ നഷ്ടം; ഭാര്യയേയും മകനെയും കൊന്ന് വസ്ത്രവ്യാപാരി ജീവനൊടുക്കി

 



ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി 'ശക്തി' കാരണം കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന് ആരോപിച്ച് ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. കർണാടകയിലെ മണ്ഡ്യയിലെ നെഹ്റു നഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. വ്യാപാരിയായ പ്രഭാകരൻ ഭാര്യ ജ്യോതിയെയും (55) മകൻ സന്തോഷിനെയും (30) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.

സൗജന്യ ബസ് യാത്രാ പദ്ധതി കാരണം സ്ത്രീകൾ തന്റെ കടയിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയെന്നും, ഇത് ബിസിനസിൽ വലിയ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് കണ്ടെടുത്ത കുറിപ്പിൽ പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ തനിക്ക് സാധിക്കാതെ വന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈ കമ്പനികളിൽ നിന്നുള്ള ഏജന്റുമാർ വീട്ടിലെത്തി കുടുംബത്തെ പീഡിപ്പിക്കും. കുടുംബത്തിന് ഉണ്ടാകാനിടയുള്ള അപമാനവും തന്റെ അന്തസ് നഷ്ടപ്പെടുമെന്ന ഭയവുമാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ കാരണമായതെന്നും അദ്ദേഹം പരാമർശിച്ചു.

പുലർച്ചെ 3.30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.തീവ്രമായ മാനസിക സമ്മർദ്ദത്തിലും വിഷാദത്തിലുമായിരുന്ന പ്രഭാകരൻ. ആദ്യം ഭാര്യ ജ്യോതിയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ മകൻ സന്തോഷിനെയും പ്രഭാകരന ശ്വാസം മുട്ടിച്ച് കൊന്നു. ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം പ്രഭാകർ നെഹ്റു നഗറിലുള്ള തന്റെ കടയിലെത്തി ജീവനൊടുക്കുകയായിരുന്നു.

ഒന്നര മാസം മുൻപാണ് സന്തോഷിന്റെ വിവാഹം കഴിഞ്ഞത്. കൊലപാതകം നടക്കുമ്പോൾ സന്തോഷിന്റെ ഭാര്യ ഉറക്കത്തിലായിരുന്നു. രാവിലെ ഉണർന്ന അവർ പ്രഭാതഭക്ഷണം തയാറാക്കിയ ശേഷം അമ്മായിയമ്മയെ വിളിക്കാനായി മുറിയിൽ ചെന്നപ്പോഴാണ് ജ്യോതിയെയും സന്തോഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽക്കാരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും. ധനകാര്യ കമ്പനികളുടെ പീഡനത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മണ്ഡ്യ ജില്ലാ പോലീസ് സൂപ്രണ്ട് ശോഭറാണി പറഞ്ഞു.

Post a Comment

0 Comments