ആര്‍എസ്എസ് നിലപാടിന് കീഴ്‌പ്പെടുന്ന ഗവര്‍ണറും സര്‍ക്കാരുമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്: പിണറായി വിജയന്‍




 കോട്ടയം: യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസ്, സംഘ്പരിവാർ താൽപര്യങ്ങളെ ഗവർണർ താലോലിച്ചുകൊണ്ടുപോകുമ്പോൾ അതിനെതിരായി നേരിയ ശബ്ദം പോലും ഉയർത്താൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. ഗവർണർ നിർബന്ധിച്ചതിനാലാണെന്നാണ് കാരണമായി അവർ പറയുന്നതെന്നും ജനവിധിയുടെ പേരിൽ നിഗൂഢമായ അജണ്ടകൾ നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യുഡിഎഫ് എങ്ങനെയാണ് അധികാരത്തിലേറിയതെന്ന് എല്ലാവരുമൊന്ന് കാണണം. മതനിരപേക്ഷതക്ക് വിട്ടുവീഴ്ച കാണിക്കാത്ത നാടായിരുന്നില്ലേ ഇത്. അവിടെയാണ് എല്ലാവരും എതിർക്കുന്ന വന്ദേമാതരത്തിന്‍റെ പൂർണരൂപം ചൊല്ലിയത്. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം? ആർഎസ്എസ് നയം സ്വീകരിച്ചതിനാലല്ലേ ഇങ്ങനെ സംഭവിച്ചത്. എല്ലാത്തിനും ഗവർണർ നിർബന്ധിച്ചത് കൊണ്ടാണെന്നാണ് അവർ കാരണമായി പറയുന്നത്. ഇതെങ്ങനെ വിശ്വസനീയമായ ന്യായമാകും?' പിണറായി ചോദിച്ചു.

'മഹാത്മാഗാന്ധി വൈസ് ചാൻസലറായി ആർഎസ്എസുകാരനെയാണ് ഇവർ നിയമിച്ചിരിക്കുന്നത്. ആർഎസ്എസ്, സംഘ്പരിവാർ താൽപര്യങ്ങളെ ഗവർണർ താലോലിച്ചുകൊണ്ടുപോകുന്നു. എന്തുകൊണ്ടാണ് അതിനെതിരെ നേരിയ ശബ്ദം പോലും സർക്കാർ ഉയർത്താത്തത്? അതേസമയം, എൽഡിഎഫ് സർക്കാരാണ് എല്ലാത്തിനും കാരണമെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതെങ്ങനെയാണ് എൽഡിഎഫ് സർക്കാർ കാരണമാകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങൾക്ക് ഇതിനോടൊന്നും യോജിപ്പില്ലെന്ന് പറയാൻ പോലും എന്തെ സർക്കാരിന് കഴിയാത്തത്? അങ്ങനെ ആർഎസ്എസ് നയങ്ങളോട് എതിരായി ഒന്നും പറയാതെ, മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ റോജി എം.ജോൺ ശ്രമിക്കുന്നതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമല്ലേ'. പിണറായി പരിഹസിച്ചു.

'വലിയ തോതിലുള്ള വിമർശനം ഉന്നയിക്കേണ്ടെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ, ഇതുപോലെ ആർഎസ്എസ് നിലപാടിന് കീഴ്പ്പെടുന്ന ഒരു ഗവർണറും സർക്കാരുമുള്ളപ്പോൾ എങ്ങനെ വിമർശിക്കാതിരിക്കും? സ്വകാര്യവൽക്കരണം കൊണ്ടുവരുമെന്ന് ഒരു മറയില്ലാതെ യുഡിഎഫ് പറഞ്ഞുകൊണ്ടിരിക്കുന്നു. ജനവിധി സ്വകാര്യവൽക്കരണത്തിന് വേണ്ടിയായിരുന്നോ? പതിയെ പതിയെ ബിജെപിയുടെയും കേരളത്തിലെ യുഡിഎഫ് സർക്കാരിന്‍റെയും അജണ്ട ഒന്നായിക്കൊണ്ടിരിക്കുകയാണ്.'

'വൈദ്യുതിരംഗം സ്വകാര്യവൽക്കരിക്കുകയെന്നത് കോർപറേറ്റുകളുടെ, പ്രത്യേകിച്ചും അദാനിയുടെ താൽപര്യമാണ്. ജനവിധിയുടെ പേരിൽ നിഗൂഢമായ അജണ്ട നടപ്പിലാക്കുകാണിവർ. ഇതൊക്കെ അങ്ങ് നടക്കുമെന്നാണോ നിങ്ങൾ കരുതുന്നത്? പലതിനും സാക്ഷ്യംവഹിച്ച നാടാണ് കേരണം. അത് മാത്രമേ പുതിയ ഭരണക്കാരോട് പറയാനുള്ളൂ'. പിണറായി കൂട്ടിച്ചേർത്തു.

Post a Comment

0 Comments