വാട്സ്ആപ്പിന് ഇനി പണം കൊടുക്കണോ? വാട്സ്ആപ്പിൽ ഇനി 'പ്രീമിയം' കാലം; പുതിയ ഫീച്ചറുകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം

 



ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ഉപകാരപ്രദവുമായ ഫീച്ചറുകൾ ഉൾപ്പെടുത്തി, കൂടുതൽ മികവോടെ വാട്സ്ആപ്പ് സജ്ജീകരിക്കുമെന്ന് മെറ്റ അടുത്തിടെയാണ് അറിയിച്ചിരുന്നത്. ലോകമൊന്നടങ്കം അതിവേഗത്തിൽ ജനപ്രീതിയാർജിച്ച ആപ്ലിക്കേഷനിൽ പുതുതായി വന്നുചേരാനിടയുള്ള ഫീച്ചറുകൾ സംബന്ധിച്ച പ്രതീക്ഷകളും ആഗ്രഹങ്ങളുമായി നിരവധി ടെക് നിരീക്ഷകർ വിവിധ റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് ഏറ്റവും പുതിയ അപ്ഡേഷനുകൾ എത്തിച്ചേർന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ക്രിപ്ഷൻ സംവിധാനം കൂടി വാട്സ്ആപ്പിൽ ചേർത്തിരിക്കുകയാണ് മെറ്റ. ഒരുപിടി ഏതാനും മികച്ച ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രീമിയം സംവിധാനം വാട്സ്ആപ്പ് സെറ്റിങ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റെഗുലർ വാട്സ്ആപ്പ് യൂസർമാർക്ക് ലഭിക്കുന്നതിനേക്കാളേറെ മികവാർന്ന ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ സംവിധാനമെത്തിയിരിക്കുന്നത്.

പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപ്ഡേഷനെ കുറിച്ച് നേരത്തെ തന്നെയും വിവിധ ടെക് നിരീക്ഷകരിൽ നിന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ചാറ്റുകൾ കൂടുതൽ നവ്യാനുഭവമായി മാറ്റിക്കൊണ്ടും നിലവിലുള്ളതിനേക്കാൾ മനോഹരമായ ഡിസൈനുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ ഓപ്ഷൻ, വേണമെന്നുള്ളവർക്ക് മാത്രം ഉപയോഗിക്കാമെന്ന തരത്തിൽ ഓപ്ഷണലായാണ് തയ്യാറാക്കിയിട്ടുള്ളത്.

ഇന്ത്യയിൽ വാട്സ്ആപ്പ് പ്ലസ് എങ്ങനെ ഉപയോഗിക്കാം?

കൂടുതൽ ഓപ്ഷനുകൾക്കായുള്ള വലതുവശത്തെ മൂന്ന് ഡോട്ടുകളിൽ തന്നെയാണ് ഈ പുതിയ ഫീച്ചർ ഇന്ത്യയിലും കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. മൊബൈൽ ഫോണുകളിലും വെബ് യൂസർമാർക്കും സമാനമായ രീതിയിൽ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.

വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക

വലതുവശത്തെ മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക

സെറ്റിങ്സിൽ ടാപ്പ് ചെയ്യാം

തുടർന്ന് സബ്സ്ക്രിപ്ഷൻ എന്നതിൽ ക്ലിക്ക് ചെയ്യാം

പിന്നാലെ, തെളിഞ്ഞുവരുന്ന വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ പ്ലാനനുസരിച്ച് പ്രതിമാസത്തേക്കുള്ള പ്രീമിയം സെറ്റ് ചെയ്യാം.

സബ്സ്ക്രിപ്ഷൻ ഓപ്ഷൻ ആരംഭിക്കുന്നതിനായി പ്രതിമാസം 79 രൂപയാണ് ഇന്ത്യയിൽ വാട്സ്ആപ്പ് കമ്പനി ഈടാക്കുക. യൂസർമാർക്ക് വാട്സ്ആപ്പ് പ്ലസിൽ താൽപര്യം നഷ്ടപ്പെട്ടാലുടൻ പ്ലാൻ ക്യാൻസൽ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.


വാട്സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ പ്രകാരം ഇന്ത്യയിൽ ലഭ്യമാകുന്ന ഫീച്ചറുകൾ:

എക്സ്ക്ലൂസീവ് സ്റ്റിക്കറുകൾ ഷെയർ ചെയ്യാനാകും

ഇഷ്ടാനുസരണം ആപ്പ് ഐക്കൺ ചേർക്കാം

ആപ്പിലെ തീമുകൾ മാറ്റാൻ നിരവധി ഓപ്ഷനുകൾ

വൈവിധ്യമാർന്ന റിങ് ടോണുകൾ

ചാറ്റ് ലിസ്റ്റ് അപ്ഗ്രേഡ് ചെയ്യാം

നിലവിലുള്ളതിനേക്കാൾ കൂടുതൽ ചാറ്റുകൾ ടോപ് സ്ക്രീനിൽ പിൻ ചെയ്തിടാം

വാട്സ്ആപ്പിന്‍റെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സുരക്ഷാ മാർഗനിർദേശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെയാണ് സബ്സ്ക്രിപ്ഷൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും യൂസർമാരുടെ സ്വകാര്യവിവരങ്ങളുടെ സംരക്ഷണം പൂർവാധികം ശക്തമായി തുടരുമെന്നും കമ്പനി അറിയിച്ചു. മെറ്റ കമ്പനിയെ എഐയിൽ അധിഷ്ടിതമാക്കി കൂടുതൽ മികച്ചതാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ അപ്ഡേഷനുകളെന്ന് മെറ്റ തലവൻ മാർക്ക് സുക്കർബർഗ് നേരത്തെ അറിയിച്ചിരുന്നു. വാട്സ്ആപ്പിന് പുറമെ ഇൻസ്റ്റഗ്രാമിലും കമ്പനി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.



Post a Comment

0 Comments