രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്! കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം





ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഹമ്പ് കയറിയപ്പോൾ കുട്ടി പുറത്തേക്ക് തെറിച്ചുവീണ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ, സംസ്ഥാനത്തെ രക്ഷിതാക്കൾക്ക് കർശന സുരക്ഷാ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുമ്പോൾ സുരക്ഷിതമായ സ്കൂൾ ബസുകൾ തന്നെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഓട്ടോകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ, സ്കൂൾ ആവശ്യങ്ങൾക്കായി അനുമതിയില്ലാത്ത നോൺ-ട്രാൻസ്പോർട്ട് (സ്വകാര്യ) വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും, ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികൾ കൈയും തലയും പുറത്തേക്കിടാനുള്ള സാധ്യത കൂടുതലാണെന്നും MVD വ്യക്തമാക്കുന്നു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കർശനമായ സർപ്രൈസ് പരിശോധനകൾ നടത്താൻ ഒരുങ്ങുകയാണ്. സ്വകാര്യ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡിൽ തടഞ്ഞുനിർത്തി ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ അല്ലെങ്കിൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും പൂർണ്ണമായി സഹകരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.

Post a Comment

0 Comments