'പാർക്ക്‌ വേണോ, അഞ്ചു പേർ എല്‍എസ്എസ് ജയിക്കണം'; എംഎൽഎയുടെ ചലഞ്ച് ഏറ്റെടുത്ത് വലിയപാറയിലെ മിടുക്കന്മാർ, സ്കൂളിലേക്ക് കളിമുറ്റമൊരുങ്ങുന്നു




സ്കൂളിൽ പാർക്ക്‌ വേണമെന്ന് കുട്ടികൾ ആഗ്രഹം പറഞ്ഞപ്പോൾ എംഎൽഎ മുന്നോട്ട് വെച്ചത് അഞ്ച് പേരുടെ എല്‍എസ്‍എസ് വിജയമാണ്. ദൗത്യം ഏറ്റെടുത്ത വയനാട് പൊഴുതന വലിയപാറ ഗവ. എൽപി സ്കൂളിലെ കുട്ടികൾ ആ വിജയം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ തവണ സ്കൂളിലെ ഒരു പരിപാടിക്കെത്തിയ അന്നത്തെ എംഎൽഎയും നിലവിൽ മന്ത്രിയുമായ ടി. സിദ്ദിഖിനോടാണ് കുട്ടികൾ തങ്ങൾക്ക് ഒരു പാർക്ക് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

വിജയത്തിന് പിന്നാലെ സ്കൂളിലെ പാർക്കിനായി തുക അനുവദിക്കാമെന്ന് മന്ത്രി കൂടിയായ ടി.സിദ്ദിഖ് അധ്യാപകർക്കും വിദ്യാർഥികൾക്കും ഉറപ്പുനൽകി. എന്നാൽ ഒരു നിബന്ധനയോടെയാണ് അദ്ദേഹം ഈ ആവശ്യം അംഗീകരിച്ചത്. സ്കൂളിൽ നിന്നും ചുരുങ്ങിയത് അഞ്ച് കുട്ടികളെങ്കിലും എൽഎസ്എസ് പരീക്ഷയിൽ വിജയം നേടണമെന്നതായിരുന്നു ആ ചലഞ്ച്. വിജയിച്ചാൽ പാർക്കിനായി 10 ലക്ഷം രൂപ അനുവദിക്കാമെന്നും അദ്ദേഹം അന്ന് പ്രസംഗത്തിൽ വാഗ്ദാനം ചെയ്തിരുന്നു.

സാധാരണ രാഷ്ട്രീയ പ്രസംഗങ്ങൾ പോലെ ഈ വാഗ്ദാനത്തെ തള്ളിക്കളയാൻ വലിയപാറ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും തയ്യാറായില്ല. ചലഞ്ച് ഒരേ മനസ്സോടെ ഏറ്റെടുത്ത കുട്ടികൾ പുലർച്ചെ 5 മണിക്ക് ഉണർന്നു പഠിച്ചും, ശനി, ഞായർ ദിവസങ്ങളിലും രാപ്പകലില്ലാതെയും കഠിനമായി പ്രയത്നിച്ചു. അധ്യാപകരും രക്ഷിതാക്കളും ഒരൊറ്റ ടീമായി കുട്ടികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഫലം വന്നപ്പോൾ കൃത്യം അഞ്ച് വിദ്യാർഥികൾ തന്നെ എൽഎസ്എസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി ചലഞ്ച് പൂർത്തിയാക്കി.

വിജയവാർത്തയുമായി കുട്ടികളും അധ്യാപകരും കഴിഞ്ഞ ദിവസം മന്ത്രി ടി. സിദ്ദിഖിനെ നേരിൽ കാണാനെത്തി. കുട്ടികൾക്ക് മിഠായികൾ വിതരണം ചെയ്ത് സന്തോഷം പങ്കിട്ട മന്ത്രി, സ്കൂൾ പാർക്കിനായി തുക അനുവദിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കുട്ടികളുടെ കഠിനാധ്വാനം കൊണ്ട് മാത്രം സ്കൂളിലേക്ക് ഒരു പാർക്ക് വരാൻ പോകുന്നതിന്റെ വലിയ ആത്മസംതൃപ്തിയിലാണ് ഇവിടുത്തെ അധ്യാപകരും നാട്ടുകാരും.


Post a Comment

0 Comments