നിലമ്പൂർ: ജനവാസ മേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകൾ നീണ്ട സാഹസിക പ്രയത്നത്തിനൊടുവിൽ വനംവകുപ്പ് സുരക്ഷിതമായി പുറത്തെത്തിച്ചു. നിലമ്പൂർ കരുളായി പാലാങ്കര വലിയ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. കൃഷിയിടത്തിൽ നിന്നും കാട്ടാനയുടെ ഉച്ചത്തിലുള്ള ചിഹ്നം വിളി കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഴമേറിയ കിണറ്റിൽ ആന അകപ്പെട്ടതായി കണ്ടെത്തിയതും വനംവകുപ്പിനെ വിവരമറിയിച്ചതും.
വിവരമറിഞ്ഞ ഉടൻ തന്നെ നിലമ്പൂർ സൗത്ത് ഡിവിഷനിലെ വനപാലക സംഘവും ദ്രുതപ്രതികരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കിണറിന് നല്ല ആഴമുണ്ടായിരുന്നതിനാലും ആനയ്ക്ക് സ്വയം കയറാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാലും വനംവകുപ്പ് ഉടൻ തന്നെ സ്ഥലത്തേക്ക് ജെസിബി എത്തിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് വ്യാപ്തി കൂട്ടുകയും, ആനയ്ക്ക് ചവിട്ടി നടന്നു കയറാൻ പാകത്തിൽ മണ്ണുകൊണ്ട് വലിയൊരു മൺതിട്ട നിർമ്മിക്കുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ഈ മൺതിട്ടയിലൂടെ കാട്ടാന സുരക്ഷിതമായി കിണറ്റിന് പുറത്തെത്തി. വീഴ്ചയിൽ ആനയ്ക്ക് ചെറിയ രീതിയിലുള്ള പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന് വനപാലകർ നിരീക്ഷിച്ചെങ്കിലും, കരയ്ക്കുകയറിയ ആന നേരെ വനമേഖലയിലേക്ക് തന്നെ തിരികെ ഓടിപ്പോയി.

0 Comments