ഒറ്റച്ചക്രത്തിൽ 40 ദിവസത്തെ 'കറക്കം'; യൂണിസൈക്കിളിൽ കേരളപര്യടനം പൂർത്തിയാക്കി 20-കാരൻ

 



കാസർകോട്: ഒരു സൈക്കിൾ, 40 ദിവസം, ആയിരം കിലോമീറ്ററോളം ദൂരം തനിച്ച് സഞ്ചാരം. അത്ര അപൂർവമല്ലല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ; പാറശ്ശാല സ്വദേശി അഭി എന്ന ഇരുപതുകാരന്റെ ഈ സൈക്കിളിന് ഒറ്റച്ചക്രമേയുള്ളൂ. ഒരുസീറ്റ്, ഒരു ജോഡി പെഡൽ, ഒരുചക്രം- അതിന് മുകളിൽ ശരീരം മുഴുവൻ ബാലൻസ് ചെയ്തുള്ള യാത്രയാണ് അഭിയുടേത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത യൂണിസൈക്കിളാണ് ഈ യാത്രയിലെ താരം. ഒറ്റച്ചക്രത്തിൽ ഏറെദൂരം താണ്ടിയ അഭിയുടെ 'കേരളപര്യടനം' വ്യാഴാഴ്ച ജില്ലയിൽ അവസാനിക്കും.

കുറച്ചുവർഷം മുൻപ് അവിചാരിതമായി കണ്ട ഒരു വീഡിയോയിലൂടെയാണ് അഭി യൂണിസൈക്കിളിനെ കുറിച്ചറിയുന്നത്. എവിടെക്കിട്ടുമെന്ന് അന്വേഷിച്ചപ്പോൾ ഗൾഫ് രാജ്യങ്ങളിൽ വളരെ ജനകീയമായ യൂണിസൈക്കിൾ രാജ്യത്തെ മാർക്കറ്റുകൾക്ക് അപരിചിതമാണെന്ന് മനസ്സിലായി. അതോടെ സ്വന്തം നിലയ്ക്ക് നിർമിക്കാമെന്നായി. സാമൂഹികമാധ്യമം വഴിയുള്ള അന്വേഷണത്തിനൊടുവിൽ രാമേശ്വരത്തുനിന്ന് സ്വന്തം ആശയത്തിൽ സൈക്കിളുണ്ടാക്കിച്ചു. അപ്പോഴേക്ക് ബി.ബി.എ. അവസാനവർഷമെത്തിയ അഭി പരീക്ഷ കഴിയാൻ കാത്തിരുന്നു. അവസാന പരീക്ഷയുമെഴുതി, അമ്മ നൽകിയ 500 രൂപയും വാങ്ങി തന്റെ 'രഥത്തിൽ' സ്വപ്നയാത്രയിലേക്ക്.

എത്തുന്ന ജില്ലയിൽ പരമാവധി സ്ഥലങ്ങൾ കാണാനും ആളുകളെ പരിചയപ്പെടാനും ശ്രമിക്കുന്നതിനാൽ സാധാരണ സഞ്ചരിക്കാൻ വേണ്ടതിലേറെ സമയമെടുത്ത് ചുറ്റിക്കറങ്ങിയാണ് അഭിയുടെ യാത്ര. അഭി ലഹരിവിരുദ്ധ സന്ദേശ പ്രചാരകൻ കൂടിയാണ്. യാത്രയ്ക്കിടെ നിരവധി സ്‌കൂളുകളിൽ കുട്ടികളോട് ഇതിനകം സംവദിച്ചു.

ബിരുദപഠനത്തിനൊപ്പം ഓട്ടോറിക്ഷ ഓടിച്ചാണ് അഭി തന്റെ സ്വപ്നത്തിലേക്കെത്തിയത്. നിലവിലെ സൈക്കിൾ പരിഷ്‌കരിച്ച് ഇന്ത്യ മുഴുവൻ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് പാറശ്ശാല സ്വദേശി ആൽബർട്ടിന്റെയും മഹേശ്വരിയുടെയും മകനായ അഭി.

Post a Comment

0 Comments