പ്ലൈവുഡ് മേഖലയുടെ മറവിൽ ലഹരിവിൽപ്പന; കൊച്ചിയിൽ 'ഹെറോയിൻ ദാദ' അറസ്റ്റിൽ




 കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെറോയിൻ വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം സ്വദേശി ഷഫീഖുൽ ഇസ്‌ലാമിനെയാണ് എറണാകുളം റൂറൽ പൊലീസ് പിടികൂടിയത്. ലഹരി മാഫിയാ സംഘങ്ങൾക്കിടയിൽ 'ഹെറോയിൻ ദാദ' എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞദിവസം അങ്കമാലിയിൽ വെച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി ഷഫീഖുൾ ഇസ്‌ലാമിന്റെ കൂട്ടാളികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സംഘത്തിന്റെ മുഖ്യസൂത്രധാരനിലേക്ക് പോലീസ് എത്തിയത്.

വർഷങ്ങളായി പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിലെ പ്ലൈവുഡ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഷഫീഖുൾ. തൊഴിലിന്റെ മറവിൽ വളരെ ആസൂത്രിതമായാണ് ഇയാൾ ലഹരി വിൽപന നടത്തിയിരുന്നത്. വിമാനമാർഗ്ഗമുള്ള യാത്രകളും ഉയർന്ന ജീവിതശൈലിയും പുലർത്തിയിരുന്ന ഇയാളുടെ നീക്കങ്ങൾ നേരത്തെ തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഷഫീഖിന്‍റെ പക്കൽ നിന്നും ഹെറോയിൻ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന നിരവധി കുപ്പികളും പാത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, ലഹരി കടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തിലെ പ്രധാന കണ്ണി പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Post a Comment

0 Comments