തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കാനുള്ള ധനസഹായത്തിന്റെ ഒന്നാം ഗഡു അടിയന്തരമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉറപ്പ് നൽകി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വികസന-ക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ഉടൻ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്ന് ഒന്നാം ഗഡു വൈകാതെ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര, ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, വൈസ് പ്രസിഡന്റ് കെ. ആർ. ജയകുമാർ, സെക്രട്ടറിമാരായ എൻ. പി. മുഹമ്മദ്, സന്തോഷ് കുമാർ, ലിസി ജോസഫ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.

0 Comments