ബോബി ചെമ്മണ്ണൂരിനെതിരായ ലൈം​ഗികാധിക്ഷേപ കേസ് ഒത്തുതീർപ്പിലേക്ക്



കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരായ ലൈം​ഗികാധിക്ഷേപ കേസ് ഒത്തുതീർപ്പിലേക്ക്. പരാതി പിൻവലിക്കാൻ സന്നദ്ധമെന്ന് നടി കോടതിയെ അറിയിച്ചതോടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം സെഷൻസ് കോടതിയിൽ നടക്കുന്ന നടപടികളാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. കേസ് മൂന്ന് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുമെന്നും തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നടി നേരത്തേ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് സത്യവാങ്മുലം നൽകിയത്.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരി​ഗണിച്ചത്. നടി നൽ‌കിയ പരാതി എറണാകുളം സെഷൻസ് കോടതി മുമ്പാകെയാണുള്ളത്. തന്നെ പൊതുവേദിയിലടക്കം നിരന്തരം ലൈംഗികാധിക്ഷേപത്തിന് വിധേയമാക്കുന്നു എന്നു കാട്ടി നടി നൽകിയ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടിൽ വച്ച് കസ്റ്റഡിയിലെടുത്തത്. അന്ന് വൈകീട്ട് കൊച്ചിയിലെത്തിയാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ബിഎൻഎസ് 75 (1) (4) വകുപ്പുകളും ഐടി ആക്ടിലെ 67 ആം വകുപ്പും ചുത്തിയായിരുന്നു അറസ്റ്റ്. പിറ്റേന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു. കാക്കനാട് ജില്ലാ ജയിലിൽ എത്തിയ ബോബി ചെമ്മണ്ണൂർ പിന്നീട് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജാമ്യം അനുവദിച്ചെങ്കിലും കോടതിയുടെ ഭാ​ഗത്ത് നിന്ന് കടുത്ത ഭാഷയിൽ വിമർശനമുയർന്നിരുന്നു.

Post a Comment

0 Comments