ന്യൂഡൽഹി: ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ, സമരത്തിന് പോകുന്നതിന് പകരം ആ സമയം വീട്ടിലിരുന്ന് പഠിക്കാനാണ് താൻ തീരുമാനിച്ചതെന്ന് നീറ്റ് പുനഃപരീക്ഷയിലെ ടോപ്പർ പൻഷുൽ ബൻസാൽ. ഈ തീരുമാനത്തിലൂടെ സ്വന്തം സ്കോർ മെച്ചപ്പെടുത്താൻ തനിക്ക് കഴിഞ്ഞുവെന്നും ദേശീയ വാർത്താ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. നീറ്റ് യുജി 2026 പുനഃപരീക്ഷയിൽ 99.9999 പെർസെന്റൈലോടെ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് (AIR 2) കരസ്ഥമാക്കിയ വിദ്യാർഥിയാണ് പൻഷുൽ ബൻസാൽ.
'എന്തിന് സമരം ചെയ്യണം എന്നാണ് ഞാൻ ചിന്തിച്ചത്. അതിന് പകരം ആ സമയം വീട്ടിലിരുന്ന് പഠിക്കാനും എൻ്റെ കഴിവുകൾ മെച്ചപ്പെടുത്തി കൂടുതൽ മാർക്ക് നേടാനും എനിക്ക് കഴിഞ്ഞു,' വിദ്യാർഥികളുടെ വൻ പ്രതിഷേധങ്ങളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ പൻഷുൽ പ്രതികരിച്ചു.
മേയ് മൂന്നിനായിരുന്നു മെഡിക്കൽ പ്രവേശനത്തിനായുള്ള ആദ്യ നീറ്റ് പരീക്ഷ നടന്നത്. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാപക ആരോപണങ്ങളെ തുടർന്ന് മെയ് 12ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. നിലവിൽ സിബിഐ കേസ് അന്വേഷിക്കുകയാണ്. പിന്നീട് ജൂൺ 21ന് കർശന സുരക്ഷയോടെ പുനഃപരീക്ഷ നടത്തുകയും ജൂലൈ 16ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ആദ്യം വലിയ സങ്കടമാണ് ഉണ്ടാക്കിയതെന്ന് പൻഷുൽ പറയുന്നു. 'തുടക്കത്തിൽ എനിക്ക് വലിയ നിരാശയും സങ്കടവും തോന്നിയിരുന്നു. എന്നാൽ ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം ഞാൻ അതിനെ പോസിറ്റീവായി കാണുകയും, ഇത്തവണ കൂടുതൽ മികച്ച പ്രകടനം നടത്താൻ തീരുമാനിക്കുകയും ചെയ്തു,'പൻഷുൽ കൂട്ടിച്ചേർത്തു.
മേയ് മൂന്നി ന് നടന്ന നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് രാജ്യത്തുടനീളം വലിയ വിദ്യാർഥി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും സുതാര്യമായി വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് 'സിജെപി'യുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്. ഇതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും സമരരംഗത്തെത്തി. രാജ്യത്തെ തെരുവുകൾ പ്രക്ഷുബ്ധമായ ഈ സാഹചര്യത്തിലാണ് പൻഷുൽ ബൻസാൽ സമരത്തെ തള്ളികൊണ്ടുള്ള പ്രസ്താവന നടത്തിയത്.
%20(1).jpg)
0 Comments