മെസ്സി കുളിപ്പിച്ച കുഞ്ഞ് യമാല്‍; വര്‍ഷങ്ങള്‍ക്കിപ്പുറം കലാശപ്പോരില്‍ നേര്‍ക്കുനേര്‍

 



വാഷിങ്ടണ്‍ ഡിസി: ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരിന് ദിവസമടുക്കേ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു ചിത്രം. സാക്ഷാല്‍ ലയണല്‍ മെസ്സി ഒരു കൊച്ചുകുഞ്ഞിനെ കുളിപ്പിക്കുന്ന 19 വര്‍ഷം മുമ്പുള്ളൊരു ചിത്രമാണത്. തിങ്കളാഴ്ച പുലര്‍ച്ചെ ഫൈനല്‍ മത്സരത്തിന് പന്തുരുളുമ്പോള്‍ മെസ്സിയുടെ മുന്നില്‍ മുഖ്യ എതിരാളിയായുണ്ടാകുക അന്ന് താലോലിച്ച ആ കുഞ്ഞാണ്. മറ്റാരുമല്ല, ഫുട്‌ബോളിലെ അത്ഭുതബാലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് കൗമാരതാരം ലാമിന്‍ യമാല്‍. അന്ന് മെസ്സി കുളിപ്പിച്ച ആ കുഞ്ഞ് ഇന്ന് ലോകഫുട്ബാളിലെ മുന്‍നിര താരമാണ്.

നാല് മാസം മാത്രം പ്രായമുള്ള ലാമിന്‍ യമാലും മെസ്സിയും ഒപ്പമുള്ള ചിത്രങ്ങളാണ് ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വൈറലാകുന്നത്. 2007 ഡിസംബറിലാണ് ഈ ഫോട്ടോ എടുത്തത്. കറ്റാലന്‍ സ്‌പോര്‍ട്‌സ് പത്രമായ 'സ്‌പോര്‍ട്ട്', യൂണിസെഫുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ഒരു കലണ്ടര്‍ പുറത്തിറക്കിയിരുന്നു. ബാഴ്‌സലോണ കളിക്കാരും പ്രാദേശിക കുടുംബങ്ങളും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു ഇതിന്റെ പ്രധാന ആകര്‍ഷണം. ബാഴ്‌സലോണയിലെ റോക്കാ ഫോണ്ടയിലെ പ്രാദേശിക കൂട്ടായ്മയില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അന്ന് ലാമിന്‍ യമാലിന്റെ മാതാപിതാക്കളായ മുനീര്‍ നസ്രാവിക്കും ഷെയ്‌ല എബാനക്കും കുഞ്ഞുമായി ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ യോവാന്‍ മോണ്‍ഫോര്‍ട്ടാണ് ഈ വിഖ്യാത ചിത്രം പകര്‍ത്തിയത്.

മെസ്സി കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്നതും ചിരിച്ചുകൊണ്ട് കയ്യിലെടുക്കുന്നതുമെല്ലാം ആ ചിത്രങ്ങളിലുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഈ ചിത്രം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 2024ലെ യൂറോ കപ്പിനിടെ യമാലിന്റെ പിതാവാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'രണ്ട് ഇതിഹാസങ്ങളുടെ തുടക്കം' എന്ന ക്യാപ്ഷനോടെ പുറത്തുവിട്ട ചിത്രങ്ങള്‍ അന്നേ വൈറലായി. യമാലും പിന്നീട് ഈ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. മെസ്സിയുമായുള്ള താരതമ്യം തന്റെ കരിയറിന്റെ തുടക്കത്തില്‍ സമ്മര്‍ദമാകാതിരിക്കാനാണ് കുടുംബം ചിത്രം ഇത്രയും വര്‍ഷം പുറത്തുവിടാതിരുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

'മുമ്പ് വിധിയില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിശ്വസിക്കുന്നു' എന്നാണ് ഫോട്ടോഗ്രാഫര്‍ യോവാന്‍ മോണ്‍ഫോര്‍ട്ട് ഈ ചിത്രത്തെ കുറിച്ച് പിന്നീട് പറഞ്ഞത്. അന്ന് പകര്‍ത്തിയ ആയിരക്കണക്കിന് ചിത്രങ്ങളില്‍ ഒന്നായി മാത്രം കരുതിയിരുന്ന ഫോട്ടോയ്ക്ക്, വര്‍ഷങ്ങള്‍ക്കുശേഷം ഇത്ര വലിയ ചരിത്രപരമായ പ്രാധാന്യം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

19 വര്‍ഷങ്ങള്‍ പിന്നിട്ടു. അന്നത്തെ കുഞ്ഞ് യമാലിന് ഇന്ന് 19 വയസ്. കൗമാരക്കാനായിരുന്ന മെസ്സിക്ക് 39. എന്നാല്‍, പ്രായത്തെ വെറും നമ്പരുകള്‍ മാത്രമാക്കിയാണ് ഇരുവരും മൈതാനത്ത് മിന്നലാട്ടങ്ങള്‍ തീര്‍ക്കുന്നത്. മെസ്സിയുടെയും യമാലിന്റെയും കാലുകളില്‍ പന്ത് എത്തുമ്പോള്‍ എതിരാളികള്‍ക്ക് നെഞ്ചൊന്നാളും. കലാശപ്പോരില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകം കാത്തിരിക്കുന്നത് ഇതുവരെ കാണാത്തൊരു ഫുട്ബോള്‍ മാന്ത്രികതയ്ക്കായാണ്.

Post a Comment

0 Comments