തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി എസ്‌ഐടി.
ഡിജിപി ആവശ്യപ്പെട്ട വിവരങ്ങളില്‍ വ്യക്തത വരുത്തികൊണ്ടുള്ള റിപ്പോര്‍ട്ടാണ് എസ്‌ഐടി കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഡിജിപി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പിന് ഉടന്‍ തന്നെ റിപ്പോര്‍ട്ട് കൈമാറും.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ തിരിച്ചടിയുണ്ടാകരുതെന്ന് ഉറപ്പുവരുത്താനാണ് ഡിജിപി വീണ്ടും എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടിയത്. പഴുതടച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.
കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയതും കേസ് ഡയറി തിരുത്തിയതും കോടതിയില്‍ നല്‍കാന്‍ റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതും എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരാണ്.
എന്നാല്‍ ഇതില്‍ അജിത് കുമാറിന്റെ പങ്ക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നായിരുന്നു ഡിജിപിയുടെ നിലപാട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘത്തോട് വിശദാംശങ്ങള്‍ തേടിയിരുന്നത്.
കേസ് അട്ടിമറിച്ചതില്‍ എഡിജിപിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതിനാല്‍ എം.ആര്‍ അജിത് കുമാറിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് ഡിജിപിയുടെ നിലപാട്.
എന്നാല്‍ അജിത് കുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഡിജിപിക്കുള്ളത്.

0 Comments