പ്രതിപക്ഷ ഉപനേതൃസ്ഥാനം; എന്തുകൊണ്ട് സിപിഐക്ക് അര്‍ഹതയില്ല? ആവശ്യം ആവര്‍ത്തിച്ച് ബിനോയ് വിശ്വവും സന്തോഷ് കുമാറും




 കോഴിക്കോട്: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടാതിരിക്കാന്‍ സിപിഐക്ക് എന്തുകൊണ്ട് അര്‍ഹതയില്ലെന്ന ചോദ്യവുമായി സന്തോഷ് കുമാര്‍ എംപി. സിപിഐ ഉന്നയിച്ചത് രാഷ്ട്രീയ ആവശ്യമാണെന്നും അത് കേരളത്തിലെ പാര്‍ട്ടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു എംപിയുടെ പ്രതികരണം.

ഏതെങ്കിലും കേന്ദ്രത്തില്‍ ഇരുന്ന് ആരെങ്കിലും ഏകപക്ഷീയമായി പറഞ്ഞാല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ അവസാനിക്കില്ലെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി. കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയുള്ള സിപിഎം നേതാക്കളുടെ മറുപടിയും അദ്ദേഹം തള്ളി.

കീഴ്‌വഴക്കം പാലിക്കുന്ന സാഹചര്യം അല്ല ഇത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ തോല്‍വി ഉണ്ടായി. മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തില്‍ ഉള്‍പ്പെടെ കീഴ്‌വഴക്കങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സിപിഐ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

സിപിഐ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത പാര്‍ട്ടിയാണ്. പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടി കൂടിയാണ് സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനം പദവിയുടെ പ്രശ്‌നം അല്ല. ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും സിപിഎമ്മാണ് കൈകാര്യം ചെയ്യുന്നത്.

അതിനേക്കാള്‍ ചെറിയ പദവി ആണ് ഉപനേതൃസ്ഥാനം. സിപിഐ നേതൃയോഗങ്ങളില്‍ കേരളത്തിലെ ഉപനേതൃസ്ഥാനം ചര്‍ച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ പല തവണ നിലപാട് വ്യക്തമാക്കിയതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.

സിപിഐക്ക് എല്‍ഡിഎഫ് രാഷ്ട്രീയമാണ് പ്രധാനം. ആ രാഷ്ട്രീയത്തിന് ക്ഷതമുണ്ടാക്കാന്‍ ആഗ്രഹമില്ല. എല്‍ഡിഎഫ് രാഷ്ട്രീയം മുന്നോട്ട് പോകാനുള്ള നിലപാട് എല്ലാവര്‍ക്കും ബാധകമാണ്. ഒരു പാര്‍ട്ടിയും മറ്റൊരു പാര്‍ട്ടിയേക്കാള്‍ താഴെയുമല്ല മുകളിലുമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

തര്‍ക്കത്തിനല്ല, ഐക്യത്തിനാണ് സിപിഐക്ക് താത്പര്യം. സ്ഥാനം തന്നില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്നും തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐക്കും സിപിഎമ്മിനും എപ്പോള്‍ വേണമെങ്കിലും കാണാം, ചര്‍ച്ച നടത്താം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മുഖഭാവത്തെ വ്യാഖ്യാനിക്കാന്‍ താനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ-സിപിഎം തര്‍ക്കം മൂര്‍ഛിപ്പിക്കാന്‍ സിപിഐക്ക് താത്പര്യമില്ല. തമ്മില്‍ കാണാന്‍ സിപിഎമ്മിനും സിപിഐക്കും മുഹൂര്‍ത്തവും ആഹ്വാനവും വേണ്ട. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വ്യത്യസ്ത നിലപാട് ഇല്ല. പ്രതിപക്ഷ നേതൃസ്ഥാനം സിപിഎമ്മിന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments