'അമ്മ' പ്രസിഡന്റ് ശ്വേത മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി നടിമാര്‍; 'അമ്മ'യില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോന്‍ ശ്രമിച്ചെന്നും പരാതി

 


കൊച്ചി: 'അമ്മ' പ്രസിഡന്റ് ശ്വേത മേനോനെതിരെ വാര്‍ത്താസമ്മേളനത്തില്‍ കടുത്ത ആരോപണങ്ങളുമായി നടിമാര്‍. 'അമ്മ'യില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോന്‍ ശ്രമിച്ചെന്നും പരാതി പറഞ്ഞ അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും ഇവര്‍ ആരോപിച്ചു. മാലാ പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍, മായാ വിശ്വനാഥ് എന്നീ നടിമാരാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

'അമ്മ'യില്‍ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മാലാ പാര്‍വതി പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്വേത ശ്രമിച്ചു എന്നത് ആരോപണം അല്ല അനുഭവമാണെന്ന് പറഞ്ഞ ഇവര്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ പത്മജയുടെ അഭിമുഖം എടുത്ത് കാണിച്ചു. അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചത്. ബാബുരാജ് ഉന്നയിച്ച ആരോപണത്തില്‍ നിന്ന് ഇറങ്ങി ഓടിയത് എന്തിനാണ്? അപെക്‌സ് ബോഡിക്ക് തീരുമാനം എടുക്കാം എന്നാണ് 'അമ്മ'യുടെ നിയമം. അങ്ങനെ ജനറല്‍ ബോഡി തീരുമാനിച്ച കണ്‍വീനറെ ആണ് ഇന്നലെ നാണംകെടുത്തി പടിയിറക്കിയതെന്നും മാലാ പാര്‍വതി വിമര്‍ശിച്ചു.

എന്തോ ഒരു അജണ്ട നടപ്പിലാക്കാനാണ് ശ്വേതയുടെ തിരിച്ചുവരവ് എന്ന് സംശയിക്കുന്നു. ബിജെപി അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ്മിപ്രിയ കൂട്ടുകെട്ട് അതിന് ഉദാഹരണമാണ്. അന്‍സിബയ്ക്ക് പിന്നില്‍ മതതീവ്രവാദികള്‍ ഉണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. എങ്കില്‍ തെളിവ് പുറത്തുവിടാത്തത് എന്തുകൊണ്ടെന്നും മാലാ പാര്‍വതി ചോദിച്ചു. അൻസിബ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന കള്ളക്കഥ സിനിമയാക്കിയാൽ ഉത്തരേന്ത്യയിൽ നന്നായി ഓടും. അതിനെയാണ് എതിർത്തതെന്നും മാലാ പാര്‍വതി പറഞ്ഞു.

ആരോപണ വിധേയരെ സഹായിക്കുകയാണോ കേരള പൊലീസ് ചെയ്യുന്നതെന്ന് അന്‍സിബ ഹസന്‍ ചോദിച്ചു. പരാതിയുമായി വരുന്ന സ്ത്രീകളെ അപമാനിക്കുകയാണോ പൊലീസ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രി പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത പൊലീസ് ആണോ കേരളത്തിലുള്ളത്. നീതി കിട്ടാന്‍ കോടതിയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. കമ്മീഷണര്‍ സംസാരിക്കുന്ന വീഡിയോ കണ്ടു. ഇത് അമ്മ സംഘടനക്കുള്ളില്‍ തീരേണ്ട പ്രശ്‌നമാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ജിഹാദി എന്ന് വിളിച്ചത് എങ്ങനെയാണ് തമാശയായി പൊലീസിന് കാണാന്‍ കഴിയുന്നത്. അത് വേദനയുണ്ടാക്കി. കോടതി വിധിയില്ലാതെ ശ്വേതാ മേനോന്‍ അമ്മ ഓഫീസില്‍ വന്നാല്‍ തടയുമെന്നും അന്‍സിബ പറഞ്ഞു.

ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ ശ്വേത മേനോന്‍ വാങ്ങി എന്നാണ് ബാബുരാജ്് ഉന്നയിച്ച ആരോപണമെന്ന് മാലാ പാര്‍വതി വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിന് ബിജെപിക്ക് സ്ഥാനാര്‍ഥികളെ നല്‍കാം എന്ന് പറഞ്ഞ് പണം വാങ്ങി. അദാനിയുടെ 15 കോടി 'അമ്മ'ക്ക് കിട്ടാനിരിക്കുകയായിരുന്നു എന്ന് ബിജെപി നേതാവ് പത്മജ എസ്. മേനോന്‍ പറഞ്ഞു. ശ്വേത ഇടപെട്ട് പണം കിട്ടുമെന്നാണ് ആ നേതാവ് പറഞ്ഞത്. കോര്‍പ്പറേറ്റുകളുടെ 15 കോടി അമ്മയ്ക്ക് വേണ്ട. അമ്മയില്‍ അംഗമല്ലാത്ത ബിജെപി നേതാവ് ഇക്കാര്യം എങ്ങനെ പറയുന്നുവെന്നും മാലാ പാര്‍വതി ചോദിച്ചു.

കഴിഞ്ഞ ഭരണസമിതിയില്‍ നിന്ന് വ്യക്തിഹത്യ നേരിടേണ്ടി വന്നവരാണ് ഇപ്പോള്‍ വാര്‍ത്താസമ്മേളനത്തിലുള്ളതെന്ന് ഉഷ ഹസീന പറഞ്ഞു. സ്ത്രീകള്‍ വിജയിച്ചത് കുറുക്കുവഴികളിലൂടെയാണ്. ഭരണസമിതിയില്‍ അധികാര മോഹമാണ്. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അമ്മയില്‍ പരാതി കൊടുത്ത സ്ത്രീയെ നേതൃത്വം പരിഹസിക്കുകയായിരുന്നു. അന്‍സിബയെ കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് അനൂപ് ചന്ദ്രന്‍ മോശമായ വീഡിയോ ഇറക്കി. അങ്ങനെ തന്നെ വേണം, തനിക്ക് സന്തോഷമായി എന്നാണ് ശ്വേത പറഞ്ഞത് -ഉഷ ഹസീന പറഞ്ഞു.

Post a Comment

0 Comments