പി.എസ്.സി. പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളർക്ക് തന്നെ അന്വേഷണ ചുമതല, അട്ടിമറി നീക്കമെന്ന് ആക്ഷേപം



തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫ് നിയമനത്തിനായി പി.എസ്.സി. നടത്തിയ പരീക്ഷയിലെ ഗുരുതരമായ മൂല്യനിർണ്ണയ ക്രമക്കേട് മൂടിവെക്കാൻ നീക്കം. വിവാദമായ സംഭവത്തിൽ അന്വേഷണ ചുമതല പരീക്ഷാ നടത്തിപ്പിന്റെ പൂർണ്ണ ഉത്തരവാദിത്തമുള്ള പരീക്ഷാ കൺട്രോളർക്ക് തന്നെ നൽകിയ പി.എസ്.സി.യുടെ തീരുമാനം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന ആക്ഷേപം ശക്തമാണ്.

ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയത്തിൽ അങ്ങേയറ്റം ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. പരീക്ഷയിലെ പ്രധാനപ്പെട്ട 10 ചോദ്യങ്ങൾക്ക് മാർക്കിടാതെയാണ് പി.എസ്.സി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും നിയമന ശുപാർശ നൽകിയതും. ഈ ക്രമക്കേടിലൂടെ റാങ്ക് പട്ടികയിൽ ഇടംപിടിക്കുകയും നിലവിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ ഒരു പ്രമുഖ ഇടതുപക്ഷ സംഘടനാ നേതാവാണെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ കഴിഞ്ഞ തിങ്കളാഴ്ച കൂടിയ പി.എസ്.സി. കമ്മീഷൻ യോഗത്തിലാണ് വിചിത്രമായ അന്വേഷണ പ്രഖ്യാപനമുണ്ടായത്.

പി.എസ്.സി.യുടെ ഇന്റേണൽ വിജിലൻസ് ഓഫീസറെയാണ് അന്വേഷണം ഏൽപ്പിച്ചത്. എന്നാൽ, നിലവിലെ പരീക്ഷാ കൺട്രോളർ തന്നെയാണ് ഇന്റേണൽ വിജിലൻസ് ഓഫീസറുടെ അധിക ചുമതലയും വഹിക്കുന്നത്. അതായത്, ആരുടെ കീഴിലാണോ പരീക്ഷാ വീഴ്ച നടന്നത്, അദ്ദേഹം തന്നെ സ്വന്തം വകുപ്പിനെതിരെ അന്വേഷണം നടത്തേണ്ടി വരും. പി.എസ്.സി.യിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിജിലൻസ് വിഭാഗം നിലവിലുണ്ട്. എന്നാൽ കേസ് ഈ പോലീസുദ്യോഗസ്ഥന് കൈമാറാൻ കമ്മീഷൻ തയ്യാറായില്ല. ഗുരുതരമായ ഈ ക്രമക്കേട് പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പി.എസ്.സി. തയ്യാറായിട്ടില്ല. പകരം സംഭവത്തെ ലഘൂകരിച്ചു കാണിക്കാനാണ് ശ്രമം. ഇത്രയും വലിയ വീഴ്ച പറ്റിയിട്ടും നിലവിലെ റാങ്ക് പട്ടിക റദ്ദാക്കില്ലെന്ന നിലപാടിലാണ് പി.എസ്.സി. മുൻപ് മാർക്കിടാൻ വിട്ടുപോയ 10 ചോദ്യങ്ങൾ വീണ്ടും മൂല്യനിർണ്ണയം നടത്തി റാങ്ക് പട്ടികയിൽ മാറ്റം വരുത്താൻ മാത്രമാണ് ഇപ്പോഴത്തെ തീരുമാനം.

Post a Comment

0 Comments