സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടി; അത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും തുടരും: അലോഷ്യസ് സേവ്യര്‍

 



കൊച്ചി: കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കേരളത്തിലെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുക എന്നത് തന്റെ രാഷ്ട്രീയമാണെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് തേവര എസ്എന്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു. ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്.

എന്നാല്‍ അലോഷ്യസിനോട് സംസാരിക്കാതെ മടങ്ങുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അലോഷ്യസിന്റെ പ്രതികരണം.

മുഖ്യമന്ത്രി തന്നെ കണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് പറഞ്ഞു. സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും അത് തിരുത്തണമെന്നുമാണ് താന്‍ ചൂണ്ടിക്കാണിച്ചത്. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി.

തങ്ങളെ കായികമായി ആക്രമിച്ച ഒരു സംഘത്തിന്റെ പ്രതിനിധിയാണ് പ്ലീഡര്‍ നിയമനത്തില്‍ ഉൾപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ കെഎസ്‌യു പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുക എന്നതാണ് തന്റെ രാഷ്ട്രീയം.

ഇത് എന്റെ കൂടി സര്‍ക്കാരാണ്. ഈ നാട്ടിലെ സാധാരണക്കാരുടെയും സർക്കാരാണിത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പോരായ്മയാണ് താൻ ചൂണ്ടിക്കാട്ടിയത്. അതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന് റോളില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തള്ളുന്നില്ല. സാങ്കേതികമായി അത് ശരിയായിരിക്കാം. എന്നാല്‍ തന്റെ പ്രവര്‍ത്തകരുടെ വികാരത്തോടൊപ്പമാണ് താന്‍ ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നത്. പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് കുറച്ചുകൂടി ജാഗ്രത പുലര്‍ത്താമായിരുന്നുവെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വിഷയത്തില്‍ അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദും രംഗത്തെത്തി. അലോഷ്യസ് സേവ്യറിന് പൊതുവേദിയില്‍ മുഖം നല്‍കാതെയും ഉയര്‍ത്തിയ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യദകേടാണെന്ന് ശിവപ്രസാദ് പറഞ്ഞു.

Post a Comment

0 Comments