'ചില മോഹഭംഗങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്ന ആശങ്കകള്‍' അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി

 



കോഴിക്കോട്: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്ന് മുബാസ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

പ്ലീഡര്‍ നിയമനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് പരാതി നല്‍കിയില്ല. പകരം വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ മാത്രം കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചുവെന്നും മുബാസ് കുറ്റപ്പെടുത്തി.

മറ്റു നിയമനങ്ങളില്‍ ഒന്നും പ്രവര്‍ത്തകരുടെ വികാരം സംരക്ഷിക്കാന്‍ തോന്നാത്തവര്‍ക്ക് പ്ലീഡര്‍ നിയമനത്തില്‍ മാത്രം അത് തോന്നിയെന്നും വിമര്‍ശനമുണ്ട്. വ്യക്തി താത്പര്യങ്ങള്‍ക്കും മാധ്യമ ശ്രദ്ധക്കുമായി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടില്‍ നിര്‍ത്തുന്നു.

നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് ഇതുവരെ സംസാരിച്ച് കണ്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

കെഎസ്‌യുവിനെ പരിഗണിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന പറയുന്ന കെഎസ്‌യു പ്രസിഡന്റ് ഔദ്യോഗികമായി ഇതുവരെയും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നിലവിലെ ഈ ആശങ്കകള്‍ ചില മോഹഭംഗങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകുമെന്നും മുബാസ് ഓടക്കലി ആരോപിച്ചു.

അതേസമയം പ്ലീഡര്‍ നിയമനത്തിലെ തന്റെ ഇടപെടല്‍ ഒരു തെറ്റാണെങ്കില്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുമെന്നാണ് അലോഷ്യസ് സേവ്യറിന്റെ നിലപാട്.

കെഎസ്‌യു പ്രവര്‍ത്തകരുടെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാറെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും അലോഷ്യസ് പറഞ്ഞിരുന്നു.

Post a Comment

0 Comments