'നിങ്ങളോട് ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തരില്ലെന്ന് തന്നെ പറയണം, ഞാനുണ്ട് കൂടെ': കരൂരിനെ ആവേശത്തിലാക്കി മുഖ്യമന്ത്രി വിജയ്

 



ചെന്നൈ: പോയവർഷം സെപ്റ്റംബറിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ ഡിഎംകെയെയും പൊലീസിനെയും പഴിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ദുരന്തത്തെ ഡിഎംകെ രാഷ്ട്രീയാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും ആൾക്കൂട്ടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും വിജയ് കുറ്റപ്പെടുത്തി. ദുരന്തത്തിന് ഒമ്പത് മാസങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും കരൂർ സന്ദർശിച്ചപ്പോഴാണ് വിജയിയുടെ പരാമർശം. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, തമിഴ്നാടിനെ ഉടൻ അഴിമതിമുക്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണവേളയിലാണ് വിജയിയുടെ രാഷ്ട്രീയ കരിയറിൽ ഒരിക്കലും മറക്കാനാവാത്ത കരൂർ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് 41 ജീവനുകളാണ് അന്ന് പൊലിഞ്ഞുവീണത്.


'ഒരാൾ ജീവിതത്തിൽ എത്രതന്നെ കുതിച്ചുയർന്നാലും, ഒരുകാലത്തും മറക്കാനാവാത്ത ചില മുറിപ്പാടുകൾ ഹൃദയത്തിൽ അവശേഷിക്കുന്നുണ്ടാകും. എന്‍റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ആ മുറിപ്പാടാണ് അന്ന് കരൂരിൽ സംഭവിച്ചത്'. വിജയ് സംസാരമാരംഭിച്ചു. കഴിഞ്ഞ വർഷം നടന്ന ദുരന്തത്തിൽ പൊലീസിന് സംഭവിച്ച വീഴ്ചയെ അദ്ദേഹം പ്രസംഗത്തിൽ വീണ്ടും വീണ്ടും കുറ്റപ്പെടുത്തുകയുണ്ടായി. നേരത്തെ, കനത്ത ആൾക്കൂട്ടം കാരണം അപകടസാധ്യത കണക്കിലെടുത്ത് ജില്ലയിലേക്ക് കടക്കരുതെന്ന് പെരമ്പലൂർ പൊലീസ് അപേക്ഷിച്ചിരുന്നെന്ന് ഓർമപ്പെടുത്തിയ അദ്ദേഹം, കരൂർ പൊലീസിന് എന്തുകൊണ്ടാണ് അത്തരമൊരു മുന്നറിയിപ്പ് നൽകാൻ സാധിക്കാതിരുന്നതെന്ന് ചോദിച്ചു.


'കരൂർ പൊലീസിന് സ്ഥിതിഗതികളെ കുറിച്ച് നമ്മെ അറിയിക്കാമായിരുന്നു. എന്നിട്ട് അവരത് ചെയ്തില്ലല്ലോ? അവർ ആവശ്യപ്പെട്ടിരുന്നെങ്കിൽ നാം മീറ്റിങ് ക്യാൻസൽ ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമായിരുന്നില്ലേ. അക്കാര്യങ്ങളെ കുറിച്ച് അവർ യാതൊരു മുന്നറിയിപ്പും നമുക്ക് നൽകിയില്ല. പകരം അവരെന്താ ചെയ്തത്, ഹൈവേയിൽ നിന്ന് വേദിയിലേക്ക് നമുക്ക് എസ്കോട്ട് ഒരുക്കാനാണ് അവർ ശ്രമിച്ചത്. ഇതിനെല്ലാം പിന്നിലൊരു നാടകീയത ഒളിച്ചിരിപ്പില്ലേയെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ഞാനവരെ പൂർണമായി വിശ്വസിച്ച് മുന്നോട്ട് പോകുകയായിരുന്നു'. വിജയ് വ്യക്തമാക്കി. ദുരന്തം സംഘാടനത്തിലുണ്ടായ പരാജയമായിരുന്നില്ലെന്നും ചിലരുടെ രാഷ്ട്രീയതീരുമാനങ്ങളുടെ പരിണിതഫലമായിരുന്നെന്നും വിജയ് ആവർത്തിച്ചു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്‍റെ അഴിമതികളെക്കുറിച്ച് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുതിയ സർക്കാരിലൂടെ തമിഴ്നാടിനെ അഴിമതിരഹിത സംസ്ഥാനമാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു.


'നിങ്ങളേത് സർക്കാർ ഓഫീസുകളിൽ വേണമെങ്കിലും ഇനിമുതൽ പോയിനോക്കൂ. ഒരൊറ്റ രൂപ പോലും കൈക്കൂലി വാങ്ങുകയില്ല, ഒരൊറ്റ രൂപപോലും. വിരൽ ഞൊടിക്കുന്ന നേരംകൊണ്ട്, കൈക്കൂലിയില്ലാതെ നിങ്ങളുടെ കാര്യം സാധിച്ചുതരും അവർ. സർക്കാർ ഓഫീസുകളിലെത്തുന്നവർ മുമ്പെങ്ങുമില്ലാത്ത വിധം ആശ്വാസത്തിന്‍റെ നെടുവീർപ്പിടുന്ന വിവരങ്ങൾ എന്‍റെ കാതിലെത്തുന്നുണ്ട്'. അദ്ദേഹം വ്യക്തമാക്കി.


'ആരെങ്കിലും നിങ്ങളോട് കൈക്കൂലി ചോദിക്കുകയാണെങ്കിൽ തരില്ലാന്ന് മുഖത്ത് നോക്കി പറയണം. ഞാനുണ്ടാവും നിങ്ങളുടെ കൂടെ. ഇനി ആരെങ്കിലും നിങ്ങളെ നിർബന്ധിക്കുന്നുണ്ടെങ്കിൽ അവരോട് ശക്തമായി പറയണം, ഇത് എന്‍റെ മകൻ, ജ്യേഷ്ഠൻ വിജയിയുടെ സർക്കാരാണെന്ന്'. അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎംകെയെ ദുഷ്ടശക്തിയെന്നും എഐഎഡിഎംകെയെ ശേഷി തീർന്ന ശക്തിയെന്നും വിശേഷിപ്പിച്ച അദ്ദേഹം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി വമ്പിച്ച വിജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

2025 സെപ്റ്റംബറിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിൽ 32 പേരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി ഉത്തരവ് വിജയ് ഇന്ന് കൈമാറിയിരുന്നു. നേരത്തെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ തുക കൈമാറിയതായും ടിവികെ അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരൂരില്‍ നടത്തിയ പര്യടനത്തിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിന് പിന്നാലെ വിജയ് വലിയ രീതിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. പൊതുറാലിയില്‍ പങ്കെടുക്കാന്‍ വിജയ് നേരം വൈകിയെത്തിയതും ജനങ്ങള്‍ക്കിടയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞുനല്‍കിയതും അപകടത്തിന് കാരണമായെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് ഒന്നിലധികം തവണയാണ് സിബിഐ വിജയ്‌യെ ചോദ്യം ചെയ്തത്. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് തമിഴ്‌നാട് പൊലീസിന്റെ മൊഴി. എന്നാല്‍ ദുരന്തത്തില്‍ പ്രാദേശിക ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നാണ് വിജയ്‌യുടെ വാദം. സുപ്രിംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്.

Post a Comment

0 Comments