ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിക്കുന്നതെന്നും എന്നാൽ കേന്ദ്ര സർക്കാർ അവരെ ക്രൂരമായി മർദ്ദിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിജെപി പ്രതിഷേധത്തിൽ ഡൽഹി പൊലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്..
നിലവിലെ ഭരണത്തിന് കീഴിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച രാഹുൽ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു."വിദ്യാർഥികൾ ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടുന്നത് തികച്ചും ന്യായമായ കാര്യമാണ്. അദ്ദേഹം അഴിമതിക്കാരനും ഈ ജോലിക്ക് പറ്റാത്ത വ്യക്തിയുമാണ്. അദ്ദേഹത്തെ ഉടനടി സ്ഥാനത്തുനിന്ന് പുറത്താക്കണം"- രാഹുൽ വ്യക്തമാക്കി.
‘കഴിഞ്ഞ പത്തുവർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളേയും അവരുടെ കുടുംബാംഗങ്ങളേയുമാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെത്തന്നെ ഇത് അട്ടിമറിച്ചു'- രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം കേന്ദ്രത്തിന് മുന്നിൽ മൂന്ന് ആവശ്യങ്ങളും രാഹുൽ ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം. വിദ്യാർഥികളെ തല്ലിച്ചതച്ചവർക്കെതിരേ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പു പറയണം, എന്നിവയാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആവശ്യങ്ങള്‍.

0 Comments