ദോഹ: ഖത്തറിൽ ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായി ആഭ്യന്ത മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ അതോറിറ്റികളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ഫീൽഡ് തലത്തിൽ ആവശ്യമായ എല്ലാ അടിയന്തര നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. യാതൊരു കാരണവശാലും സ്ഥിരീകരിക്കാത്ത വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ സോഷ്യൽ മീഡിയ വഴി പങ്കുവെക്കരുത്. നിയമം ലംഘിക്കുന്നവർ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
തുടർച്ചയായ ആറാം ദിവസവും ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം യുഎസ് തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ പ്രത്യാക്രമണങ്ങൾ വ്യാപിപ്പിക്കുന്നത്. ഇറാന്റെ വിവിധ നഗരങ്ങളിൽ നടത്തിയ ബോംബാക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായുമാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ കമ്മ്യൂണിക്കേഷന്‍ ടവർ തകർന്നു. ഇറാൻ-യുഎസ് സമാധാന കരാർ തകർക്കാൻ ഇസ്രായേൽ ബോധപൂർവം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ചെങ്കടല്‍ ഉപരോധിക്കാന്‍ യമനിലെ വിമത ഗ്രൂപ്പായ ഹൂതികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാൻ. ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദാബ് തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക തുടരുകയാണ്. ഇനിയും ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പും നിലവിലുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെയും ഈ സംഘർഷം ബാധിച്ചിട്ടുണ്ട്. യുദ്ധസാഹചര്യം ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയരുകയാണ്.
%20(1).jpg)
0 Comments