'അമ്മ'യുടെ തലപ്പത്തേക്ക് വരാൻ ശ്രമിക്കുന്ന ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട കുറ്റാരോപിതർ ആരൊക്കെയാണ്?; ശ്വേതക്കെതിരെ മാലാ പാര്‍വതി

 



കൊച്ചി: അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോനെതിരെ നടി മാല പാർവതി. സംഘടനയുടെ തലപ്പത്തേക്ക് വരാൻ ശ്രമിക്കുന്ന ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട കുറ്റാരോപിതർ ആരൊക്കെയാണെന്ന് പ്രസിഡന്‍റ് വ്യക്തമാക്കണം. സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഉള്ളതല്ല. പൊതുസമൂഹത്തോടും സംഘടന അംഗങ്ങളോടും വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ശ്വേതക്ക് ഉണ്ടെന്നും മാല പാർവതി പറഞ്ഞു. ശ്വേത മേനോന്‍റെ പ്രസ്താവനകൾ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും — എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു. അതിൽ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ അവർ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്. അമ്മയുടെ 'പ്രസിഡന്റായ' ശ്വേത മേനോൻ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ "കുറ്റാരോപിതർ" ആരൊക്കെയാണ്?

എന്റെ അറിവിൽ പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല. അപ്പോൾ ശ്വേത മേനോൻ പരാമർശിക്കുന്നവർ ആരാണ്?

അങ്ങനെയൊരു പ്രസ്താവന നടത്തിയ സാഹചര്യത്തിൽ, അത് പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വ്യക്തമായി വിശദീകരിക്കാനുള്ള ഉത്തരവാദിത്തം അമ്മയുടെ പ്രസിഡന്‍റിനുണ്ട്. പേരുകൾ വ്യക്തമാക്കണം. അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമേ സൃഷ്ടിക്കൂ

Post a Comment

0 Comments