'രാമക്ഷേത്രത്തിന് അഞ്ച് കോടിയുടെ സ്വര്‍ണ 'രാമചരിതമാനസം' സംഭാവന നല്‍കി, ഇപ്പോള്‍ കാണാനില്ല'; പരാതിയുമായി മുന്‍ ആഭ്യന്തര സെക്രട്ടറി

 




ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് അഞ്ച് കോടിയോളം വിലവരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത 'രാമചരിതമാനസം' സംഭാവന നല്‍കിയെന്നും ഇപ്പോള്‍ കാണാനില്ലെന്നും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണന്‍. രാമക്ഷേത്രത്തിലെ സംഭാവനകളിലും ഉപഹാരങ്ങളിലും വന്‍ കൊള്ള നടന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കവേയാണ് ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ പരാതി ഉന്നയിച്ചിരിക്കുന്നത്.

താന്‍ സംഭാവനയായി നല്‍കിയ സ്വര്‍ണത്തില്‍ തീര്‍ത്ത 'രാമചരിതമാനസം' ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കാണാനായി പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് ലക്ഷ്മിനാരായണന്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇത് അവിടെ നിന്ന് മാറ്റി. ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ക്ഷേത്രം അധികൃതരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വ്യക്തമായ ഒരു മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം പറയുന്നു.

രാമചരിതമാനസം എന്റെ മരിച്ചുപോയ അമ്മയുടെ ഏറ്റവും വിലപ്പെട്ട നിധിയായിരുന്നു. ജീവിതത്തിലെ ഏകദേശം 15 മുതല്‍ 18 വര്‍ഷം വരെ അമ്മ 'ശ്രീരാമ' നാമം എഴുതുന്നതിനാണ് ചെലവഴിച്ചത്. എന്റെ കുടുംബം പതിറ്റാണ്ടുകളായി രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. ക്ഷേത്രത്തിനായി കന്യാകുമാരിയില്‍ നിന്ന് അയച്ച ആദ്യത്തെ ഇഷ്ടിക എന്റെ ഭാര്യാപിതാവിന്റെ വീട്ടില്‍ നിന്നായിരുന്നു. ഞങ്ങള്‍ ശ്രീരാമനുമായി അഭേദ്യബന്ധമുള്ള ഒരു കുടുംബമാണ്.' 

സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷമാണ് സമ്പത്തില്‍ നിന്ന് ഒരു ഭാഗം ശ്രീരാമന് നല്‍കണമെന്ന ആഗ്രഹമുണ്ടായത്. ഞാന്‍ ഒരു ലളിതജീവിതം നയിക്കുന്നയാളാണ്. എനിക്ക് ജീവിക്കാന്‍ പെന്‍ഷന്‍ പണം മാത്രം മതി. ദൈവം എനിക്ക് നല്‍കിയ സമ്പാദ്യമെല്ലാം തിരികെ നല്‍കാമെന്ന് കരുതി. അങ്ങനെയാണ് ഞാനും ഭാര്യ സരസ്വതിയും ചേര്‍ന്ന് സ്വര്‍ണത്തില്‍ തീര്‍ത്ത 'രാമചരിതമാനസം' ക്ഷേത്രത്തില്‍ സംഭാവനയായി നല്‍കിയത്. അഞ്ച് കോടിയോളം രൂപ ചെലവഴിച്ചു. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ചു. സ്വര്‍ണം പൂശിയ 552 പേജുകളുണ്ടായിരുന്നു. 2024 ഏപ്രിലിലാണ് അത് ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിച്ചത് -അദ്ദേഹം പറയുന്നു.

ശ്രീകോവിലിന് സമീപം ഇത് സൂക്ഷിക്കുമെന്നായിരുന്നു ആദ്യം ക്ഷേത്രം അധികൃതര്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചപ്പോള്‍ ഏറെ സന്തോഷമുണ്ടായിരുന്നു. ശ്രീകോവിലിന് സമീപം വെക്കാനാവില്ലെന്നും മറ്റെവിടെയെങ്കിലും വെക്കാമെന്നും പിന്നീട് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് എവിടെയും കണ്ടില്ല. പല തവണ ക്ഷേത്രം അധികൃതരെ കണ്ട് അന്വേഷിച്ചു. തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ല - ലക്ഷ്മിനാരായണന്‍ പറഞ്ഞു.

Post a Comment

0 Comments