കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തും: മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കൊറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലില്‍ മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ പത്തിനാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരെ പിരിച്ചുവിട്ട നടപടി തത്കാലം മരവിപ്പിച്ചുവെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. എന്നാല്‍ നല്‍കിയ ഉറപ്പിന് വിപരീതമായ കാര്യമാണ് തൊട്ടടുത്ത ദിവസം നടന്നത്. കൂട്ടപിരിച്ചുവിടലില്‍ തൊഴില്‍ വകുപ്പ് തുടര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ല.

ജൂലൈ ആറിന് ലേബര്‍ കമ്മീഷണര്‍ കമ്പനിയില്‍ എത്തും. വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൂട്ടപിരിച്ചുവിടല്‍ നേരിട്ട കോറോ ഹെല്‍ത്തിലെ ജീവനക്കാരുടെ സംഘം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് ലഭിച്ചതായും ജീവനക്കാര്‍ പ്രതികരിച്ചു.

കൊച്ചി, കോഴിക്കോട് ശാഖകളിലായി ജോലി ചെയ്തിരുന്ന തൊള്ളായിരത്തോളം ജീവനക്കാരെയാണ് കോറോ ഹെല്‍ത്ത് പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് ജനപ്രതിനിധികളും സര്‍ക്കാരും ഇടപെട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതുപ്രകാരം ജൂലൈ ആറ് വരെ തല്‍സ്ഥിതി തുടരാനും തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനുമായിരുന്നു ധാരണ.

എന്നാല്‍ ഇതിനുപിന്നാലെ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കി വിഷയം ഒത്തുതീര്‍പ്പാക്കാൻ മാനേജ്‌മെന്റ് ശ്രമം നടത്തി. കൊച്ചി പാലാരിവട്ടം ഓഫിസില്‍ നിന്ന് 600 പേരെയും കോഴിക്കോട് ഓഫിസില്‍ നിന്ന് ഇരുന്നൂറോളം പേരെയുമാണ് കമ്പനി പിരിച്ചുവിട്ടത്.

Post a Comment

0 Comments