കോട്ടയം: എസ്.എച്ച്. മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച വൈകിട്ടാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറി കോംപ്ലക്സിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളിൽ മൂന്നെണ്ണം പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.
എളുപ്പത്തിൽ തീ പിടിക്കുന്ന ടിഷ്യൂ പേപ്പറുകൾ കെട്ടിടങ്ങളിൽ ഉടനീളം സൂക്ഷിച്ചിരുന്നതിനാൽ തീ എല്ലാ ഭാഗങ്ങളിലേക്കും പടർന്നുപിടിക്കുകയായിരുന്നു. ഞായറാഴ്ച അവധി ദിനമായതിനാൽ ഫാക്ടറിക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കെട്ടിടങ്ങളുടെ മുൻവാതിലും ഷട്ടറുകളും പൂട്ടിയിരുന്നതിനാൽ കെട്ടിടത്തിനുള്ളിൽ കടന്ന് തീ അണയ്ക്കുന്നത് വെല്ലുവിളിയായി. ഗ്രില്ലുകളും കോൺക്രീറ്റ് ഭാഗങ്ങളും തകർത്താണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. കെട്ടിടത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
0 Comments