കാരുണ്യത്താൽ സൗദിയിലെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു, നാട്ടിലെത്തി രാസലഹരി ശൃംഖലയുടെ മുഖ്യകണ്ണിയായി; ഒടുവിൽ തൂഫാനിൽ കുടുങ്ങി കരിക്കോട്ടക്കരി സ്വദേശി

 


സൗദി അറേബ്യയിലെ പ്രമാദമായ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പ്രവാസി സമൂഹത്തിന്‍റെയും സുമനസ്സുകളുടെയും കാരുണ്യത്തിൽ ലക്ഷങ്ങൾ ദിയാധനം (മോചനദ്രവ്യം) നൽകി മോചിതനാവുകയും ചെയ്ത പ്രതി നാട്ടിൽ രാസലഹരി കേസിൽ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വളയംകോട് സ്വദേശി ടി ഫസലുദ്ദീനെയാണ് (44) മെത്താംഫെറ്റമിൻ വിൽപനയ്ക്കിടെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിലായിരുന്നു ഇയാളുടെ മയക്കുമരുന്ന് കച്ചവടമെന്ന് പൊലീസ് പറഞ്ഞു. കേരള പൊലീസിന്‍റെ പ്രത്യേക ലഹരിവിരുദ്ധ കാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് സംസ്ഥാനാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഫസലുദ്ദീനെ വലയിലാക്കിയത്.

2008 മേയിലാണ് കേസിനാസ്പദമായ കൊലപാതകം റിയാദിൽ നടക്കുന്നത്. റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫസലുദ്ദീനും കൂട്ടാളികളും ചേർന്ന്, ഒന്നിച്ച് താമസിച്ചിരുന്ന മംഗലാപുരം സ്വദേശി അഷറഫിനെ സാമ്പത്തിക തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി പൊതുമാലിന്യ പെട്ടിയിൽ തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് ഫസലുദ്ദീൻ ഉൾപ്പെടെയുള്ള നാല് മലയാളികളെ സൗദി മതകാര്യ പൊലീസ് കൈയോടെ പിടികൂടിയത്. തുടർന്ന് സൗദി കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു.


ഉമ്മൻചാണ്ടിയുടെ ഇടപെടലും സി കെ മേനോന്‍റെ കാരുണ്യവും

പ്രതികളുടെ കുടുംബത്തിന്‍റെ ദയനീയാവസ്ഥ പരിഗണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നോർക്കയും വിഷയത്തിൽ ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പരേതനായ ശിവദാസൻ, നോർക്ക കൺസൽട്ടന്റ് ശിഹാബ് കൊട്ടുകാട്, മറ്റ് സാമൂഹികപ്രവർത്തകർ എന്നിവർ കൊല്ലപ്പെട്ട അഷറഫിന്റെ പിതാവുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് 80 ലക്ഷം രൂപ ദിയാധനം നൽകി മാപ്പ് ഉറപ്പാക്കിയത്. പ്രമുഖ പ്രവാസി വ്യവസായി പരേതനായ ഡോ. സി കെ മേനോൻ ഈ ഭീമമായ തുക റിയാദിലെ കോടതിയിൽ കെട്ടിവെക്കാൻ തയ്യാറായതോടെയാണ് പ്രതികളുടെ മോചനത്തിന് വഴിതുറന്നത്. വർഷങ്ങൾ നീണ്ട നിയമ നടപടികൾക്കൊടുവിൽ ഫസലുദ്ദീൻ അൽ ഹായിർ ജയിലിൽ നിന്നും മോചിതനായി നാട്ടിലെത്തി

Post a Comment

0 Comments