സേതുമാധവൻ സമ്മാനിച്ച വിങ്ങലും ശൂന്യതയും ഇന്നും മലയാളി പ്രേക്ഷകരിൽ നിന്നും വിട്ടുമാഞ്ഞിട്ടുണ്ടാവില്ല. 37 വർഷങ്ങൾക്കിപ്പുറം 'കിരീടം' ബിഗ് സ്ക്രീനിൽ പുത്തൻ സാങ്കേതികവിദ്യയോടെ തിരിച്ചെത്തുകയാണ്. ജൂലൈ 10ന് മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തോടെയും പുതുക്കിയെടുത്ത ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ കഴിഞ്ഞദിവസം കൊച്ചിയിൽ വെച്ച് പുറത്തുവിട്ടിരുന്നു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. റീ-റിലീസില്‍ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
സിബി മലയിൽ സംവിധാനവും ലോഹിതദാസിന്റെ തിരക്കഥയും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവുമെല്ലാം ഒത്തൊരുമിച്ചപ്പോൾ മലയാള സിനിമയ്ക്ക് അന്ന് ലഭിച്ചത് എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായിരുന്നു. സേതുമാധവൻ, അച്യുതൻ നായർ, കീരിക്കാടൻ ജോസിനെയൊക്കെ മലയാളി പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല. ക്രിപ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും ദിനേഷ് പണിക്കരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
പാർവ്വതി, ജഗതി ശ്രീകുമാർ, ജഗദീഷ്, മുരളി, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, കുണ്ടറ ജോണി, കനകലത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മോഹൻ രാജിന്റെ 'കീരിക്കാടൻ ജോസ്' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങളിലൊന്നാണ്. ജോൺസൺ മാസ്റ്ററുടെ സംഗീതവും, എസ്. കുമാറിന്റെ ഛായാഗ്രഹണവും, എൽ. ഭൂമിനാഥന്റെ എഡിറ്റിങും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി.

0 Comments