ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു

 




കോഴിക്കോട്: ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു. കേരള മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. മുഖ്യമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചു. രാജഗോപാലിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നല്‍കാതിരുന്നത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് രാജഗോപാല്‍ കത്ത് അയച്ചിരുന്നു.

2026 മാര്‍ച്ചിലാണ് കൊല്‍ക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് രാജഗോപാലിന്റെ പേര് നീക്കം ചെയ്തത്. എസ്‌ഐആര്‍ സമയത്ത് 2002ലെ വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റേയോ അന്തരിച്ച പിതാവിന്റെയോ പേര് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. ഇക്കാരണത്താലാണ് പേര് വെട്ടിക്കളഞ്ഞത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിയെ ചോദ്യം ചെയ്ത് രാജഗോപാല്‍ കോടതിയെയും സമീപിച്ചിരുന്നു. രാജഗോപാലിന് പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനും ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ആര്‍.രാജഗോപാല്‍ നേരിട്ടത് നീതി നിഷേധമാണെന്നും പൗരത്വം നിര്‍ണയിക്കേണ്ടത് എസ്ഐആറിലൂടെ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചൂണ്ടിക്കാട്ടി. വിഭജന ഹിന്ദുത്വ അജണ്ടയുടെ ഉപകരണമായി എസ്ഐആര്‍ മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Post a Comment

0 Comments