മമതക്ക് തിരിച്ചടി തുടരുന്നു; ബംഗാളില്‍ തൃണമൂല്‍ സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു




കൊല്‍ക്കത്ത: ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാര്‍ട്ടി ബംഗാള്‍ സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. വഹിച്ചിരുന്ന എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് വ്യക്തമാക്കി പാര്‍ട്ടി നേതൃത്വത്തിന് ചന്ദ്രിമ രാജിക്കത്ത് നല്‍കി. മമത ബാനര്‍ജിയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന നേതാവാണ് ചന്ദ്രിമ.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കനത്ത വെല്ലുവിളി നേരിട്ട പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ചന്ദ്രിമ ഭട്ടാചാര്യയെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. മുതിര്‍ന്ന നേതാവായ സുബ്രത ബക്ഷിയെ മാറ്റിയാണ് ചന്ദ്രിമ ഭട്ടാചാര്യയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍, തൃണമൂലില്‍ നിന്ന് നേതാക്കളുടെ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നത് പാര്‍ട്ടിയുടെ സംഘടനാ സ്ഥിരതക്ക് നേരെയുള്ള ചോദ്യമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി. അതേസമയം, രാജിയുടെ കൃത്യമായ കാരണം എന്താണെന്ന് ചന്ദ്രിമ വ്യക്തമാക്കിയിട്ടില്ല. ഒരു വശത്ത് പാര്‍ട്ടിയിലെ വിമത നീക്കങ്ങളും മറുവശത്ത് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള സംഘടനാപരമായ പ്രതിസന്ധികളും തൃണമൂല്‍ കോണ്‍ഗ്രസിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചന്ദ്രിമയുടെ രാജി പാര്‍ട്ടിക്ക് കനത്ത ആഘാതമാണ്.

അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിനും ചിഹ്നത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ കൊല്‍ക്കത്തയിലെ പാർട്ടി ആസ്ഥാനമായ 'തൃണമൂല്‍ ഭവന്‍' വിമത പക്ഷം പിടിച്ചെടുത്തിരിക്കുകയാണ്. റിതബ്രത ബാനര്‍ജി, ഫിര്‍ഹാദ് ഹക്കീം എന്നിവരുടെ നേതൃത്വത്തിലുള്ള വിമത സംഘം ന്യൂഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് പാര്‍ട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഓഫീസിനുള്ളില്‍ യോഗം ചേര്‍ന്ന ശേഷം ഇവര്‍ ഓഫീസിന്റെ ഗേറ്റുകള്‍ പുതിയ പൂട്ടുകള്‍ ഉപയോഗിച്ച് പൂട്ടി. ഇനിമുതല്‍ മുതല്‍ തൃണമൂല്‍ ഭവന്‍ കേന്ദ്രീകരിച്ചായിരിക്കും തങ്ങളുടെ പ്രവര്‍ത്തനം എന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

വിമത നേതാക്കളെ ക്രിമിനലുകള്‍ എന്ന് വിളിച്ച മമത അനുകൂലികള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഇവര്‍ പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതിനെതിരെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ അംഗങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ കയറാന്‍ യാതൊരു അവകാശവുമില്ലെന്നാണ് ടിഎംസി നിലപാട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വന്‍തോതില്‍ പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.

Post a Comment

0 Comments