മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മസദുള്‍ ഇസ്ലാമിനെയാണ്(39) ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയില്‍ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനാഥ്.എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃക്കളത്തൂര്‍ സംഗമംപടി ബസ്റ്റോപ്പില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ ബാഗുകളുമായി മസദുള്‍ നില്‍ക്കുന്നത് കണ്ട് സംശയമായി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പന്ത്രണ്ട് പാക്കറ്റുകളിലാക്കി രണ്ട് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഓണക്കാലത്തെ ലഹരിവില്‍പന ലക്ഷ്യമിട്ട് ബംഗാളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആലുവയില്‍ ട്രെയിന്‍ മാര്‍ഗമിറങ്ങി അവിടെ നിന്ന് ബസ് വഴി മൂവാറ്റുപുഴ തൃക്കളത്തൂരില്‍ എത്തുകയായിരുന്നു. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളിലൊരാളാണ് മസദുൾ. ഇയാള്‍ക്കെതിരെ സമാനമായ കേസുകളില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
0 Comments